ആറ്റിങ്ങൽ: ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന സാമഗ്രികൾ കവന്ന സംഭവത്തിൽ മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66 ന്റെ നിർമാണത്തിനായി കരാർ കമ്പനിയുടെ കൊല്ലമ്പുഴ, മാമം യാർഡുകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകൾ, കമ്പികൾ അടക്കമുള്ള ലക്ഷക്കണക്കിന് രൂപ വില വരുന്ന നിർമാണ സാമഗ്രികൾ കവർച്ച ചെയ്ത സംഘത്തിൽപ്പെട്ട പത്തനംതിട്ട ആറന്മുള താഴത്തേതിൽ വീട്ടിൽ മനോജ് (49), കല്ലമ്പലം തോട്ടയ്ക്കാട് വെടിമൺകോണം പുത്തൻവിളവീട്ടിൽ വിമൽരാജ് (34), വർക്കല ചെറുന്നിയൂർ വെണ്ണിയോട് വായനശാലക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയപാതയുടെ കരാർ കമ്പനിയായ ആർ.ഡി.എസ് മുൻ ജീവനക്കാരനായ മനോജ് കേസിൽ പിടികൂടാനുള്ള ബിഹാർ സ്വദേശിയുമായി ചേർന്ന് കഴിഞ്ഞ കുറെ നാളുകളായി നിർമാണ സാമഗ്രികൾ മോഷ്ടിച്ചുവരുകയായിരുന്നു. ഇത് കണ്ടെത്തിയ കമ്പനി പരാതി നൽകിയതിനെതുടർന്ന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മോഷ്ടിച്ചെടുത്തവ ചില സ്വകാര്യ നിർമാണ കമ്പനികൾക്കും സ്വകാര്യ യാർഡുകളിലും പകുതി വിലക്ക് വിറ്റഴിക്കുകയായിരുന്നു. കമ്പനിയുടെതന്നെ ലോറികളും എസ്കവേറ്ററും ഉപയോഗിച്ചായിരുന്നു മോഷണം.പ്രതികൾ നാഷനൽ ഹൈവേയുടെ പണിക്കാരാണെന്നുകരുതി പൊലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ സജിത്ത് .എസ്, ജിഷ്ണു എം.എസ്, എസ്.സി.പി.ഒ മാരായ മനോജ്കുമാർ.കെ, ശരത്കുമാർ എൽ.ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.