ആറ്റിങ്ങൽ: ശക്തമായ കാറ്റിലും മഴയിലും ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം മേഖലകളിൽ ഏഴ് വീടുകൾ ഭാഗികമായി തകർന്നു. ആലംകോട് വാര്യൻ കോണത്ത് ശ്രീകലയുടെ പാട്ടത്തിൽ വീട്, കല്ലമ്പലം പാവല്ല സുബൈദ ബീവിയുടെ സിദ്ദീഖ് മൻസിൽ, ഇടക്കോട് കൊടാലിക്കോണം സജീല കുമാരിയുടെ ബിജിത ഭവൻ, വെള്ളല്ലൂർ ഗിരിജയുടെ ചരുവിള വീട്, ഇളമ്പ പീലിയോട്ട് കോണത്ത് രാധയുടെയും ഭാനുമതിയുടെയും വീടുകൾ, കിഴുവിലം കാട്ടുമ്പുറത്ത് ഷീബയുടെയും മീനാക്ഷിയുടെയും വീടുകൾ എന്നിവയാണ് തകർന്നത്. എല്ലാ വീടുകളുടെയും ഒന്നിലധികം മുറികൾ തകർന്നിട്ടുണ്ട്.
അഞ്ചുതെങ്ങ് വില്ലേജ് കോവിൽത്തോട്ടം ഉപ്പുപണി വീട്ടിൽ ഓമനയുടെ പേരിലുള്ള ഷീറ്റിട്ട വീടിന്റെ അടുക്കള വെള്ളിയാഴ്ച പുലർച്ചെ തകർന്നു. മൺകട്ട കൊണ്ടുള്ള വീടാണ്. അഞ്ചുതെങ്ങ് വില്ലേജ് കോവിൽത്തോട്ടം രാമഭവനിൽ അജിയുടെ പേരിലുള്ള വസ്തുവിന്റെ മതിലും ഗേറ്റും ഇതേ വസ്തുവിൽനിന്ന് തെങ്ങു വീണു തകർന്നു.
വാമനപുരം നദിയിലെ നീരൊഴുക്ക് വർദ്ധിച്ചു. നദി നിറഞ്ഞ് ഒഴുകുകയാണ്. കൃഷി നാശവും വർധിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുകൾ കൃഷിഭവനുകൾ വഴി അധികൃതർ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളിലെ വെള്ളം ഇറങ്ങിയ ശേഷമേ നഷ്ടക്കണക്കിൽ വ്യക്തത വരൂ.
നിലവിൽ വാഴക്കർഷകർക്കാണ് വൻ നഷ്ടം നേരിട്ടത്. ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. കർഷകർക്ക് ഇതിനായി മുടക്കിയ തുക പൂർണ്ണമായും നഷ്ടപെട്ട അവസ്ഥയാണ്. കടൽ പ്രക്ഷുബ്ധമായി തുടരുന്നത് തീരവാസികളെ ആശങ്ക പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.