മുതലപ്പൊഴി: കാണാമറയത്ത് ആറുപേർ

ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടങ്ങളിൽ ഇതുവരെ കണ്ടെത്താനാകാത്തത് ആറുപേരെ. ഇതിൽ അവസാന വ്യക്തിയാണ് ഒരു മാസം മുമ്പ് നടന്ന അപകടത്തിൽ കാണാതായ സമദ്.

വർക്കല ചിലക്കൂർ കനാൽ പുറമ്പോക്ക് രാമന്തള്ളി സ്വദേശിയാണ് സമദ് (52) കഴിഞ്ഞമാസം അഞ്ചിന് നാലുപേരുടെ മരണത്തിനും നിരവധി പേരുടെ ഗുരുതര പരിക്കുകൾക്കും കാരണമായ ദുരന്തത്തിൽപെട്ടാണ് സമദിനെ കാണാതായത്.

2019ന് ശേഷം മാത്രം പതിമൂന്നോളം പേരാണ് മുതലപ്പൊഴി ഹാർബർ പുലിമുട്ടിനുള്ളിലും സമീപത്തുമുണ്ടായ അപകടത്തിൽ മരിച്ചത്. നാട്ടുകാരുടെ അറിവിൽ സമദ് ഉൾപ്പെടെ ആറുപേർ അപ്രത്യക്ഷരായിട്ടുണ്ട്. അഞ്ചുതെങ്ങ് ചമ്പാവ് സ്വദേശികളായ നോർബൻ, വർഗീസ്, മര്യനാട് ആറാട്ടുമുക്ക് സ്വദേശി ക്രിസ്റ്റിൻ രാജ്, കൊല്ലം നീണ്ടകര സ്വദേശി സജി എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

കൈക്കുഞ്ഞുമായി മുതലപ്പൊഴി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ അഞ്ചുതെങ്ങ് മുണ്ടുതുറ സ്വദേശിനിയെ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചിരുന്നു. അപകടത്തിൽപെട്ടവരുടെ മൃതദേഹം നിശ്ചിത സമയത്തിനകം പൊന്തിവരുമെങ്കിലും ആരും ശ്രദ്ധിച്ചില്ലെങ്കിൽ അത് കടലിന്റെ അടിത്തട്ടിലേക്കുതന്നെ താഴ്ന്നുപോയേക്കാം.

നദിയിലെ ഒഴുക്കനുസരിച്ച് ഹാർബർ കവാടത്തിൽനിന്ന് കടലിന്‍റെ ഉൾഭാഗത്തേക്ക് ഒഴുകിപ്പോകാനും സാധ്യതയുണ്ട്. അടിയൊഴുക്കിൽപെട്ട് പുലിമുട്ടിനായ് സ്ഥാപിച്ച വലിയ പാറകൾക്കും കോൺക്രീറ്റ് ടെട്രപോടുകൾക്കും ഇടയിൽ കുടുങ്ങിയാലും കണ്ടെത്താൻ പ്രയാസമുണ്ടാക്കും.

കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്താൻ സൗകര്യങ്ങളില്ലാത്തതാണ് മേഖലയിലെ ചെറിയ അപകടങ്ങളിൽപോലും ജീവഹാനിയുണ്ടാകാൻ കാരണം. അപകടം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാൽപോലും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാത്ത അവസ്ഥയാണ്. ഒട്ടുമിക്ക അപകടങ്ങളിലും മുൻനിരയിൽനിന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മത്സ്യത്തൊഴിലാളികളാണ്. 

Tags:    
News Summary - Six persons who have not been found yet in accidents during fishing in muthalapozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.