ആറ്റിങ്ങൽ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം വില്ലേജിൽ വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49), വക്കം വില്ലേജിൽ ഇറങ്ങുകടവ് പുതുവീട്ടിൽതൊടി വീട്ടിൽ തീപ്പൊരി ജയൻ എന്ന ജയൻ (58) എന്നിവരാണ് പിടിയിലായത്. ഈ മാസം 19ന് രാത്രിയിൽ ഇരുവരും ചേർന്ന് മദ്യലഹരിയിൽ യുവതിയെ വീടുകയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
വക്കം ഇറങ്ങുകടവ് മേഖലയിൽ പ്രതികൾ നിരന്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പോലീസിന് മൊഴി കൊടുത്തിരുന്നു. പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു, ജി.എസ്.ഐ എഡിസൺ, എ.എസ്.ഐ ശ്രീകുമാർ, രാജീവ്, സി.പി.ഒ മാരായ സുജിൽ, അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.