ആറ്റിങ്ങല്‍: ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടി. സമ്മാനമടിച്ച ടിക്കറ്റെന്ന് വിശ്വസിപ്പിച്ചാണ് വ്യാജലോട്ടറി ടിക്കറ്റ് നൽകി ലോട്ടറിക്കച്ചവടക്കാരിയില്നിന്ന് പണം തട്ടിയത്. ആറ്റിങ്ങൽ പൂവൻപാറ മണ്ണൂര്‍ഭാഗം വയലില്‍വീട്ടില്‍ ഇന്ദിരയാണ് (65) തട്ടിപ്പിനിരയായത്. ടിക്കറ്റിലെ യഥാർഥ നമ്പറിനു പുറത്ത് സമ്മാനാര്‍ഹമായ നമ്പര്‍ വെട്ടി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. 14ന് നറുക്കെടുത്ത കാരുണ്യപ്ലസിന്റെ കെ.എന്‍.487 ലോട്ടറിയുടെ ടിക്കറ്റിലാണ് കൃത്രിമം കാട്ടി പണം തട്ടിയത്.
ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ലോട്ടറിടിക്കറ്റെടുത്ത് കൊണ്ടുനടന്ന് വിൽപന നടത്തുന്നയാളാണ് ഇന്ദിര. വെള്ളിയാഴ്ച ഉച്ചയോടെ ആറ്റിങ്ങല്‍ എല്‍.ഐ.സി ഓഫിസിനെതിര്വശത്ത് ലോട്ടറി കച്ചവടത്തിനായി നടക്കുമ്പോള്‍ 40ന് മേല്‍ പ്രായം തോന്നിക്കുന്ന രണ്ടുപേര്‍ ഇന്ദിരയെ സമീപിച്ചു.
കാരുണ്യപ്ലസിന്റെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റ് കൈവശമുണ്ടെന്നും അത് ഇന്ദിര എടുക്കകയാണെങ്കില്‍ ഓണം ബമ്പറിന്റെ രണ്ട് ടിക്കറ്റെടുക്കാമെന്നും ബാക്കി പണം നൽകണമെന്നും പറഞ്ഞു. ആകെ 3500 രൂപ മാത്രമേ കൈവശമുള്ളൂവെന്ന് പറഞ്ഞപ്പോള്‍ വന്നവര്‍ ഓണം ബമ്പറിന്റെ മൂന്ന് ടിക്കറ്റെടുത്തു. സമ്മാനമടിച്ചെന്ന് പറഞ്ഞ ടിക്കറ്റ് വന്നവര്‍ ഇന്ദിരയ്ക്ക് കൈമാറുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഇന്ദിര കൈവശമുണ്ടായിരുന്ന 3500 രൂപയും നൽകി. വൈകീട്ട് ടിക്കറ്റ് ഏജന്‍സിയില്‍ എത്തിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നറിഞ്ഞത്.
കാരുണ്യ പ്ലസിന്റെ നറുക്കെടുപ്പില്‍ 7940 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റിന് 5000 രൂപ സമ്മാനമുണ്ട്. തട്ടിപ്പ് നടത്തിയവര്‍ ഇന്ദിരയെ ഏൽപിച്ച ടിക്കറ്റിന്റെ നമ്പര്‍ പി.ഒ 707940 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ദിരയെ ഏല്പിച്ച ടിക്കറ്റിന്റെ അവസാനത്തെ യഥാർഥ അക്കത്തിന് മുകളില്‍ പൂജ്യം വെട്ടിഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ ഇവിടെ അക്കം വെട്ടിയൊട്ടിച്ചതാണെന്ന് അറിയാന്‍ കഴിയൂ.
ഉപജീവനത്തിനും മരുന്ന് വാങ്ങാനുമുള്ള വരുമാനം കണ്ടെത്താനായാണ് ഇവര്‍ ലോട്ടറിക്കച്ചവടം നടത്തുന്നത്. തട്ടിപ്പിനിരയായതോടെ അടുത്തദിവസം കച്ചവടത്തിന് ലോട്ടറി എടുക്കാനുള്ള പണം പോലും ഇല്ലാതെ വിഷമിക്കുകയാണ് ഇവര്‍. ഇന്ദിരയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.