ആറ്റിങ്ങൽ: യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്തു. വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ വിഷ്ണുവിനെ നിലക്കാമുക്കിന് സമീപം തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിലെ പ്രതികൾ വക്കം നിലയ്ക്കാമുക്ക് ഇടിവീണവിള വീട്ടിൽ ജയൻ (47), വിതുര ആനപ്പാറ തുളസി വിലാസം വീട്ടിൽ വിജിത്ത് (37), ഒറ്റൂർ വെയിലൂർ മനീഷ് ഭവനിൽ മനീഷ് (37) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷ്ണുവിന്റെ മാതാവിനെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ഫെബ്രുവരി അഞ്ചിന് വിഷ്ണു ഗണപതിപ്പുര അമ്പലത്തിലേക്ക് പോകുന്ന സമയം വഴിയിൽ തടഞ്ഞുനിർത്തി ചുറ്റിക, പട്ടിക എന്നിവ കൊണ്ടു തലയ്ക്കടിച്ച് ക്രൂരമായി പരിക്കേൽപിക്കുകയായിരുന്നു. അക്രമത്തിനുശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. വിഷ്ണു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി വർക്കല ഡിവൈ.എസ്.പി മാർട്ടിന്റെ നിർദേശപ്രകാരം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ മാഹിൻ, എ.എസ്.ഐമാരായ ജയപ്രസാദ്, രാജീവ്, ശെൽവൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാർ, അനീഷ്, അരുൺ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.