ആറ്റിങ്ങല്‍: കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരം പുരാവസ്തു മ്യൂസിയം പദ്ധതി അനന്തമായി നീളുന്നു. നിലവിലെ കൊട്ടാരക്കെട്ടുകൾ മ്യൂസിയം ആക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച ബൃഹത്പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇഴയുന്നത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരമാണിത്.
കൊട്ടാരം ഇരിക്കുന്ന 72 സെന്റ് ഭൂമി ഉള്‍പ്പെടെ ആറ് ഏക്കര്‍ 60 സെന്റ് ഭൂമിയാണുള്ളത്. ഇതില്‍ നാലു ക്ഷേത്രങ്ങളും ഉള്‍പ്പെടും. വസ്തുവിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡില്‍തന്നെ നിലനിര്‍ത്തി പുരാവസ്തു വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് നിർമാണം ആരംഭിച്ചത്. മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തിയാണ് പദ്ധതി ആരംഭിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് നവീകരിക്കുന്ന കൊട്ടാര കെട്ടിടങ്ങൾ. പഴയ നിർമിതിയുടെ അതേ മാതൃകയിലും അതേ സാധന സാമഗ്രികൾ ഉപയോഗിച്ചും ഉള്ളതാണ് സമ്പൂർണ നവീകരണ പദ്ധതി. വിവിധ വകുപ്പുകളുടെ സംയോജിത നീക്കത്തിലൂടെയാണ് പദ്ധതി ആരംഭിക്കാൻ വഴി ഒരുക്കിയത്. നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷമായിട്ടും കെട്ടിട നവീകരണം പൂർത്തിയായിട്ടില്ല.
ഇതിനു ശേഷമേ അനുബന്ധ സജ്ജീകരണങ്ങളിലേക്ക് പോകാൻ കഴിയൂ. തടി കൊണ്ടുള്ള നിർമിതികൾ, മേൽക്കൂര എന്നിവ പൂർത്തിയായി. അനുബന്ധ മിനുക്കുപണികൾ ബാക്കിയുണ്ട്. അമൂല്യമായ ചരിത്രനിർമിതി എന്ന നിലയിൽ ഗൗരവപൂർവമാണ് കൊട്ടാര നവീകരണം കാണുന്നതെന്നും സമയ ബന്ധിതമായി നവീകരണപ്രവത്തനങ്ങൾ പൂർത്തിയാക്കി മ്യൂസിയം സജ്ജമാക്കുമെന്നും ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.