ആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി ഹാർബറിന് സമീപം മത്സ്യബന്ധന ബോട്ട് അപകടത്തിൽ രണ്ടു യുവാക്കളെ കാണാതായി. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനംകുളം ചേരമാൻതുരുത്ത് കിഴക്കേ തൈവിളാകം വീട്ടിൽ അബ്ദുൽ അസീസ് - സൽമാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സഫീർ (36), കഠിനംകുളം ചേരമാൻതുരുത്ത് കടവിൽ വീട്ടിൽ സഫർ - താഹിറ ദമ്പതികളുടെ മകൻ ഷമീർ (31) എന്നിവരെയാണ് കാണാതായത്. വള്ളം ഓടിച്ചിരുന്ന പെരുമാതുറ സ്വദേശി അൻസാരിയാണ് (40) രക്ഷപ്പെട്ടത്. കാണാതായവർ മത്സ്യത്തൊഴിലാളികളാണ്.
ഞായറാഴ്‌ച രാവിലെ 6.30 ഓടെയാണ് മുതലപ്പൊഴി ഹാർബറിനടുത്തുള്ള തടിമില്ലിന് സമീപം കടലിൽ അപകടം നടന്നത്. പുലർച്ച അഞ്ചിന് ഹാർബർ അഴിമുഖവും കടന്ന് മരിയനാട് ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകവേ ബോട്ടിന്‍റെ ഒരു എൻജിൻ പ്രവർത്തനരഹിതമായി. തുടർന്ന് ബോട്ട് നിയന്ത്രിച്ചിരുന്ന അൻസാരി ബോട്ട് കരയിലേക്ക് ഓടിച്ച് കയറ്റവേ തിരയിൽപ്പെടുകയായിരുന്നു. സഫീറും ഷമീറും വള്ളം മറിയും എന്ന ഭയപ്പാടിൽ കടലിലേക്ക് ചാടുകയായിരുന്നു. സഫീർ ആദ്യം കരക്ക് നീന്തിക്കയറിയെങ്കിലും ഒഴുക്കിൽപെട്ട ഷമീറിനെ രക്ഷിക്കാൻ വീണ്ടും കടലിൽ ഇറങ്ങി. തുടർന്ന് ഇരുവരും അപ്രത്യക്ഷരായി. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും നാട്ടുകാരായ മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസ് എസ്.ഐ ആർ.ആർ. രാഹുലിന്‍റെ നേതൃത്വത്തിൽ കോസ്റ്റൽ പൊലീസിന്റെ ജലറാണി എന്ന ബോട്ടും മാറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും കടലിൽ വൈകീട്ട് വരെ തിരച്ചിൽ നടത്തി. കാണാതായ സഫീറിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രദേശത്ത് അപകടം പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.