ആറ്റിങ്ങൽ: കരാറുകാരനെ നഗരസഭ ഓവർസീയർ മർദിച്ചെന്ന പരാതിയുടെ പശ്ചാത്തലത്തിൽ, ആറ്റിങ്ങൽ നഗരസഭയിലേക്ക് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി.
നിർമാണസ്ഥലത്ത് ചുമതലയുണ്ടായിരുന്ന ഓവർസിയറുടെ മേൽനോട്ടത്തിൽ പണിനടക്കവെ മറ്റൊരു ഓവർസിയർ വന്നു അസഭ്യം വിളിക്കുകയും കരാറുകാരനെ കൈയേറ്റം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കരാറുകാർ പറഞ്ഞു. ചുമതലയില്ലാത്ത വ്യക്തി ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയത് ബോധപൂർവമാണ്. ഈ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫെഡറേഷന്റെ സമരം.
കരാറുകാരന്റെ പേരിൽ കൊടുത്ത കള്ള പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സമരക്കാർ നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. നഗരസഭക്ക് മുന്നിൽ നടന്ന മാർച്ചും ധർണയും കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് പി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, താലൂക്ക് പ്രസിഡൻറ് എ. നസീർ, സെക്രട്ടറി ടി.ബി. രാജേന്ദ്രൻ പിള്ള, ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ കലാം, ജില്ല ജോയൻറ് സെക്രട്ടറി വി. സജീഷ് കുമാർ, ചീരാണിക്കര സുരേഷ്, സുനിൽകുമാർ കല്ലമ്പലം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നഗരസഭ ചെയർപേഴ്സണുമായി സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം ഉറപ്പുവരുത്തി നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സംഘടനാ നേതാകൾക്ക് ഉറപ്പുനൽകി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസിയറായ ശ്രീജിത്ത്, കരാറുകാരൻ അജിത്ത് എന്നിവരാണ് ഏറ്റുമുട്ടുകയും പരസ്പരം പരാതി ഉന്നയിച്ചു ആശുപത്രികളിൽ ചികിത്സ തേടിയതും. ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിന്റെ പാചകപ്പുര നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്താണ് ജീവനക്കാനും കരാറുകാരനും തമ്മിലടിച്ചത്.
സ്കൂളിലെ പാചകപ്പുരയുടെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ഓവർസിയർ നൽകിയ നിർദേശങ്ങൾ കരാറുകാരൻ പാലിച്ചില്ലെന്നും തുടർന്ന് പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ മർദിച്ചെന്നുമാണ് സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരിക്കേറ്റ ശ്രീജിത്ത് വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.