ആറ്റിങ്ങൽ: നഗരത്തിലെ പൊതു ശൗചാലയം നഗരസഭ അടച്ചിട്ടു, നഗരത്തെ ആശ്രയിക്കുന്നവർ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാതെ വലയുന്നു. ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പിന്നാലെയാണ് നഗരസഭയുടെ കീഴിൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷനും അടച്ചുപൂട്ടിയത്. കുടിശ്ശികയെതുടർന്ന് കംഫർട്ട് സ്റ്റേഷനിലെ വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്.
പാലസ് റോഡിലെ വെള്ളക്കെട്ടും മാലിന്യപ്രശ്നവും നഗരത്തിലെത്തുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം െഡ്രയിനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
മാസങ്ങൾക്കുമുമ്പ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് പോകുന്ന ഓടയിൽ തടസ്സം കണ്ടെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള നഗരസഭ ജീവനക്കാരുടെ ശ്രമവും ഫലം കണ്ടില്ല. രൂക്ഷമായ ദുഗന്ധമുള്ള മലിനജലം കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളതാണെന്നാണ് വ്യാപാരികൾ ഉൾപ്പെടെ ആരോപിക്കുന്നത്.
നഗരസഭയുടെ കംഫർട്ട് സ്റ്റേഷനിൽനിന്ന് ഈ ഓടയിലേക്ക് മലിനജലം ഒഴുകി എത്തുന്നതായആരോപണത്തെതുടർന്നാണ് പൊതുശൗചാലയം അടച്ചിട്ടത്. പ്രതിദിനം ആയിരത്തിലേറെ സ്ത്രീപുരുഷന്മാർ ഉപയോഗിച്ചിരുന്ന കംഫർട്ട് സ്റ്റേഷനാണിത്. ഇരുനിലകളിലായി ശുചിത്വമുള്ള ശുചിമുറികളാണുള്ളത്. തൊട്ടടുത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലുള്ള ശുചിമുറി വൃത്തിഹീനമാണെന്ന് പൊതുവിൽ ആക്ഷേപമുള്ളതിനാൽ യാത്രക്കാരെല്ലാം ആശ്രയിക്കുന്നത് സ്വകാര്യ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനെയാണ്.
ഓടയുടെ നിർമാണം പൂർത്തിയാകുന്നതുവരെ കംഫർട്ട് സ്റ്റേഷൻ തുറേക്കണ്ട എന്നാണ് നിലവിലെ തീരുമാനം. ഇന്നത്തെ സാഹചര്യത്തിൽ മാസങ്ങൾ കഴിഞ്ഞാലേ റോഡ് മുറിച്ച് ഓടനിർമിച്ച് ടാർ ചെയ്ത് സാധാരണ നിലയിൽ എത്തൂ. വിദ്യാർഥികളും നഗരത്തിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലെ വനിത ജീവനക്കാരെല്ലാം ഈ പൊതു ശൗചാലയത്തെയാണ് ആശ്രയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.