ആറ്റിങ്ങൽ: സഞ്ചാരികളെ വരവേൽക്കാൻ പുതുമോടിയിൽ അണിഞ്ഞൊരുങ്ങി അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. വിനോദസഞ്ചാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചത്. ഇതോടെ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിലേക്ക് വലിയതോതിൽ സന്ദർശകരുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സന്ദർശകർക്ക് വിശ്രമിക്കാനായി മൂന്ന് ഗസീബോ (ഒരെണ്ണം ഓപൺ, രണ്ടെണ്ണം ക്ലോസ്ഡ്), ഉദ്യാന ഇരിപ്പിടങ്ങൾ, 7000 സ്ക്വയർ ഫീറ്റ് പുൽത്തകിടി, മൃഗങ്ങളുടെയും പക്ഷികളുടെയും ശിൽപങ്ങൾ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളായ ഊഞ്ഞാൽ, സ്ലൈഡ്ർ, സീസൊ, മേരി ഗോ റൗണ്ട് തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ലൈറ്റ് ഹൗസിന്റെ 189 പടികളിൽ ഗ്രാനൈറ്റ് പാകുകയും മുകളിലെ സുരക്ഷാവേലിയുടെ ഉയരം 1.5 ആയി ഉയർത്തുകയും കുട്ടികളുടെ സുരക്ഷ മുൻനിർത്തി കൈവരിയിൽ ഗ്രില്ലുകൾ പിടിപ്പിക്കുകയും ലൈറ്റ് ഹൗസ് കെട്ടിടത്തിലുൾപ്പെടെ പെയിന്റിങ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ഉദ്യാനത്തിലും പരിസരങ്ങളിലുമായി പത്തോളം ഹെറിറ്റേജ് വിളക്കുകാലുകളും നാട്ടിയിട്ടുണ്ട്. ബയോ ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാറിന് കീഴിലെ ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്ടറേറ്റിനുകീഴിലെ ലൈറ്റ് ഹൗസുകളിലൊന്നാണിത്. ആദ്യകാലങ്ങളിൽ സിഗ്നൽ സ്റ്റേഷനായിരുന്നു. തുടർന്ന് 1988 ഏപ്രിൽ 30ന് കേന്ദ്ര സർക്കാറാണ് നൂതനശൈലിയിൽ ലൈറ്റ് ഹൗസിന്റെ പണി പൂർത്തിയാക്കി കമീഷൻ ചെയ്തത്. ലൈറ്റ്ഹൗസ് ശൃംഖലയിൽ കൊച്ചി മേഖലയിൽ ഉൾപ്പെട്ടതാണ് അഞ്ചുതെങ്ങിലേത്.
രാജ്യത്തെ 75 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ-സ്വകാര്യപങ്കാളിത്തത്തിൽ (പി.പി.പി) ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒമ്പത് ലൈറ്റ് ഹൗസുകളിൽ ഒന്നായിരുന്നു അഞ്ചുതെങ്ങിലേത്. പൈതൃകത്തിന് യോജിച്ചവിധം അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്ന പദ്ധതിപ്രകാരമാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 28ന് ചെന്നൈയിൽ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചത്.
മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് മൂന്ന് രൂപയും വിദേശികൾക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്. കൂടാതെ, ഫോട്ടോ 20, വിഡിയോ കാമറ 25 രൂപയുമാണ് (ഗ്രൂപ്പായാണ് പോകുന്നതെങ്കിൽ ഒരാൾക്ക് മാത്രം) നൽകേണ്ടത്. ദിവസവും വൈകീട്ട് മൂന്ന് മുതൽ അഞ്ചുവരെയാണ് സന്ദർശകസമയം. തിങ്കൾ അവധി ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.