ആറ്റിങ്ങൽ: മത്സരങ്ങളുടെ സമയക്രമം തെറ്റിക്കുന്നത് മത്സരാർഥികളുടെ അന്ധ വിശ്വാസം. സംഖ്യശാസ്ത്രം, ഭാഗ്യ നമ്പർ തുടങ്ങിയ അന്ധ വിശ്വാസങ്ങൾ കാരണം പലരും വേദിയിലേക്കുള്ള ക്രമത്തിലും നമ്പരിലും ജയ-പരാജയങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനാൽ ചില നമ്പരുകൾ കിട്ടതിരിക്കാനും ചിലത് സ്വന്തമാക്കാനും മത്സരാർഥികൾ ശ്രമിക്കുന്നുണ്ട്.
സാധാരണ ഗതിയിൽ മത്സരം നടക്കുന്ന വേദിയിൽ മത്സരിക്കുന്ന ടീമുകൾ ആദ്യം റിപ്പോർട്ട് ചെയ്യണം. ഈ ടീമുകളുടെ ഉൾപ്പെടുത്തി നറുക്കിട്ടാണ് ക്രമം നിശ്ചയിക്കുന്നത്. 12 മത്സരാർഥികളുള്ള മത്സരത്തിൽ റിപ്പോർട്ടിങ് സമയം കഴിഞ്ഞാൽ ഏഴോ അതിൽ കൂടുതലോ ആൾ എത്തിയാൽ അഥവാ പകുതിയിൽ കൂടുതൽ എത്തിയാൽ നറുക്കിടും. നറുക്കിൽ പങ്കെടുക്കുന്നവർക്ക് അപ്രതീക്ഷിത നമ്പറാകും കിട്ടുക. എന്നാൽ, അത് കഴിഞ്ഞ് വരുന്നവർക്ക് വരുന്ന ക്രമം അനുസരിച്ച് തുടർ അവസരം നൽകും. ഈ തുടർ അവസരത്തിൽ പല മത്സരാർഥികളും അവർ ഉദ്ദേശിക്കുന്ന ക്രമ നമ്പരിന് കാത്ത് നിൽക്കും. ചില മത്സരങ്ങളിൽ കൂടുതൽ പേരും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത് പരമാവധി വൈകിപ്പിക്കും. പകുതിയിൽ കൂടുതൽ മത്സരാർഥികൾ എത്തിയാൽ മാത്രമേ നറുക്കിടുവനും കഴിയൂ. ഇതാണ് മത്സരങ്ങൾ ആരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.
നറുക്ക് അഥവാ ലോട്ടെടുത്തതിന് ശേഷം ആണ് കോഡ് നമ്പർ നൽകുന്നത്. ഇതിലും ഇത്തരം പ്രശ്നമുണ്ട്. മൂന്നക്ക കോഡ് നമ്പർ ആണ് കുട്ടികൾക്ക് നൽകുന്നത്. ഇത് ഒരേ അക്കം വരുന്ന കോഡ് നമ്പറിന് ശ്രമിക്കുകയും നേരിട്ടും അല്ലാതെയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് നിലവിലെ ജില്ലാ കലോത്സവത്തിൽ കോഡ് നമ്പറുകളിൽ നിന്നും 111, 222, 333, 444 തുടങ്ങിയ നമ്പരുകൾ ഒഴിവാക്കിയാണ് കോഡ് നമ്പരുകൾ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.