ആറ്റിങ്ങൽ: ഗവ.റൂറൽ ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫിസർമാരുടെ കുറവ് കാരണം പ്രവർത്തന സമയം വെട്ടിച്ചുരുക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കിടത്തി ചികിത്സ സൗകര്യം ഉൾപ്പെടെയുള്ളവ ആശുപത്രിയിൽ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനു ശേഷം രാത്രി ചികിത്സ നിർത്തിവെച്ചു. പി.ജി ഡോക്ടർമാരുടെ സേവനം ഉപയോഗിച്ചാണ് രാത്രി ചികിത്സ നടത്തിയിരുന്നത്. ഡോക്ടർമാർക്ക് നേരെ നടന്ന സാമൂഹികവിരുദ്ധ ശല്യങ്ങൾ ചൂണ്ടിക്കാട്ടി പി.ജി ഡോക്ടർമാരുടെ രാത്രി സേവനം പിൻവലിച്ചു. ശേഷം രാവിലെ ഒമ്പതു മുതൽ ആറു വരെയായിരുന്നു പരിശോധന സമയം. എന്നാൽ, ഉച്ചക്കുശേഷം മെഡിക്കൽ ഓഫിസറുടെ സേവനം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പരിശോധന സമയം രണ്ടുവരെയാക്കി ചുരുക്കി.
വക്കം, നിലയ്ക്കാമുക്ക്, മണനാക്ക്, കടയ്ക്കാവൂർ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് വക്കം റൂറൽ ഹെൽത്ത് സെന്റർ. ദിവസേന 300ഓളം രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. പ്രവർത്തനസമയം വെട്ടിച്ചുരുക്കിയതോടെ രോഗികൾക്ക് ചിറയിൻകീഴ്, വർക്കല ആറ്റിങ്ങൽ ഉള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഒരു മെഡിക്കൽ ഓഫിസറും രണ്ടോ മൂന്നോ പി.ജി വിദ്യാർഥികളുമാണ് ഇവിടെ പരിശോധനക്കുള്ളത്. അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവും, സുരക്ഷ സംവിധാനങ്ങളുടെ പോരായ്മയും പലപ്പോഴും ആശുപത്രിയുടെ പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് രോഗികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അധികൃതർ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എൽ.ജെ.ഡി ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് വക്കം പ്രകാശ്, സി.പി.ഐ വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ അനിൽ ദത്ത് എന്നിവർ പറഞ്ഞു. വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ പരിശോധന സമയം 24 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ട് വക്കം മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെന്ററിന് മുന്നിൽ ധർണ നടത്തി.
ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്ണു ഉദ്ഘാടനം ചെയ്തു. വക്കം മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മിനിമോൾ അധ്യക്ഷതവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ, ദീപ സർജി, പ്ലാവിള ജോസ്, വാർഡ് പ്രതിനിധി അശോകൻ, അനിത, പ്രസന്ന, റിനു സുജി, ദീപ്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.