ആറ്റിങ്ങൽ: കൗമാരപ്രതിഭകളുടെ പകർന്നാട്ടം കാണാൻ ആറ്റിങ്ങലിലേക്ക് ആളൊഴുക്ക്. ആറ്റിങ്ങൽ ആറ്റിൻകലയോരമായ രാപകൽ. കലാസ്വാദകർക്ക് ഇഷ്ടവിഭവങ്ങൾ വിളമ്പാൻ കൗമാരം മത്സരിച്ചു. 14 വേദികളും സജീവമായതോടെ സദസ്സിൽ ആൾപ്പൂരം. രണ്ടാം ദിനത്തിൽ നാടോടിനൃത്തവും കുച്ചിപ്പുടിയും ഭരതനാട്യവും ചാക്യാർ കൂത്തും നങ്ങ്യാർകൂത്തും ഓട്ടൻതുള്ളലും തുടങ്ങി വട്ടപ്പാട്ടും ഒപ്പനയും നാടകവും വേദികളെ സമ്പന്നമാക്കി. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളും ചെണ്ട, പഞ്ചവാദ്യം, മദ്ദളം തുടങ്ങിയ വാദ്യകലകളും ഹൃദ്യമായി. ഒപ്പന വട്ടപാട്ട് വേദികളിൽ രാപകൽ ആൾക്കൂട്ടം നിരന്നു.
മത്സരങ്ങൾ തുടങ്ങുന്നതിലെ കാലതാമസം കല്ലുകടിയായി തുടരുകയാണ്. വിധികർത്താക്കളും സംഘാടകരും കൃത്യമായി എത്തിയാലും ലോട്ട് കിട്ടിയവർ യഥാസമയം വേദിയിൽ എത്താത്തതാണ് ബുദ്ധിമുട്ടാകുന്നത്. ശബ്ദസംവിധാനത്തിന്റെ തകരാറും വേദി നിശ്ചയിച്ചതിലെ അപാകവുമെല്ലാം നാടക മത്സരത്തെ ബാധിച്ചു.
സംഭാഷണങ്ങൾ കേൾക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കാണികൾ ബഹളം വെച്ചതോടെ നാടകം നിർത്തിവെക്കേണ്ടി വന്നു. യു.പി വിഭാഗത്തിലെ രണ്ടാമത്തെ നാടകം അരങ്ങേറിയപ്പോഴാണ് തർക്കം ഉയർന്നത്. വ്യാഴാഴ്ച ഡയറ്റിലെ ഒമ്പതാം വേദിയിൽ നടക്കേണ്ട സംസ്കൃത നാടകങ്ങളുടെ വേദി മാറ്റി. അത് പത്താം വേദിയിൽ ഉച്ചക്ക് ഒരു മണിക്ക് ശേഷം നടത്തും.
ഭക്ഷണശാലയിലേക്കുള്ള യാത്രപ്രശ്നം രണ്ടാംദിനം പരിഹരിച്ചു. ഇത് മത്സരാർഥികൾക്ക് സഹായകമായി. ഇതുവരെ 78 അപ്പീലുകളാണ് സംഘാടകർക്ക് ലഭിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും കലോത്സവത്തെ നാടിന്റെ ഉത്സവമാക്കാൻ അണിനിരന്നത് സംഘാടകർക്ക് ഊർജം പകരുന്നുണ്ട്.
മാതാവിന്റെ ശിക്ഷണത്തിൽ നൃത്തം പരിശീലിച്ച വിദ്യാർഥിക്ക് ജില്ല കലോത്സവത്തിൽ രണ്ടിനങ്ങളിൽ ഒന്നാംസ്ഥാനം. വെള്ളായണി ലിറ്റിൽ ഫ്ലവർ കോൺവെൻറ് സ്കൂളിലെ കൈലാസ് നാഥാണ് ഈ വിജയി. എച്ച്.എസ് വിഭാഗം ഓട്ടൻതുള്ളൽ, ഭരതനാട്യം എന്നിവയിലാണ് ഒന്നാംസ്ഥാനം. മൂന്നര വയസ്സിൽ നാടോടി നൃത്തത്തിലാണ് പഠനത്തുടക്കം. മാതാവ് വിദ്യയായിരുന്നു പരിശീലക. കുട്ടിക്കാലത്ത് നൃത്ത പരിശീലനം നേടിയ വിദ്യ മകന്റെ താൽപര്യം അറിഞ്ഞ് പഠിപ്പിക്കുകയായിരുന്നു.
നാലാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച മിടുക്കൻ ആദ്യ മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. കിളിമാനൂർ ആർ.ആർ.വി ബോയ്സ് ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥി ധ്യാൻ എസ്. അനൂപ് ആണ് വിജയിച്ചത്. കുട്ടിക്കാലം മുതൽ കൈത്താളത്തിൽ മിടുക്ക് കാട്ടിയ അനൂപിനെ വീട്ടുകാർ അസുരവാദ്യമായ ചെണ്ട പഠിപ്പിച്ചു.
നാലാം വയസ്സിൽ അരങ്ങേറ്റം. തുടർന്ന് നാട്ടിലും, സ്കൂളിലുമായി വിവിധ പരിപാടികൾക്ക് ചെണ്ടവാദകനായി. പൊതു പരിപാടികളിലും ഉത്സവങ്ങളിലും പങ്കെടുത്തെങ്കിലും കലോത്സവ മത്സരങ്ങളിൽ താൽപര്യം കാട്ടിയിരുന്നില്ല. ഇക്കുറി മത്സരത്തിനിറങ്ങാൻ തയാറായയോടെ ഒന്നാംസ്ഥാനവും കൂടെ പോന്നു. കല്ലറ തിരുമുടുമ്പിൽ അനൂപ് ശശി - ഷീബ ദമ്പതികളുടെ ഏക മകനാണ്.
മണിപ്പൂര്‍ കലാപത്തെ വിഷയമാക്കിയ കഥക്ക് ഒന്നാംസ്ഥാനം. ഹയർ സെക്കൻഡറി വിഭാഗം മലയാളം കഥാരചനയിലാണ് തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി വിദ്യാർഥിനി പി.എസ്. ഋതുപര്‍ണ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്. വൈറല്‍ എന്നായിരുന്നു കഥാ രചനക്ക് നൽകിയ വിഷയം. എന്നാല്‍, കുട്ടിക്കഥാകാരി സമകാലിക ഇന്ത്യയില്‍ ഏറ്റവും ചര്‍ച്ചയായ മണിപ്പൂര്‍ വിഷയത്തെ കഥയിൽ സമർഥമായി വിളക്കിച്ചേർത്തു.
അങ്ങനെ ‘അന്സിര നടന്ന പാതകള്‍’ എന്ന കഥ പിറന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് കഥയാക്കിയത്. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കവിത രചനയില്‍ എ ഗ്രേഡ് നേടിയിരുന്നു. കവിതയെഴുത്തിലും കാവ്യാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം പദ്യംചൊല്ലലില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ വലപ്പാട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും കവിയുമായ സന്തോഷ് തോന്നയ്ക്കലിന്റെയും പ്രിയയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.