ആറ്റിങ്ങൽ: ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജങ്ഷന് സമീപം ജോംസ് വില്ലയിലെ കിണറ്റിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ 10.30ഓടെ കിണർ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കിണർ വൃത്തിയാക്കുന്നതിനിടെ ആദ്യം അഴുകിയ കൈപ്പത്തി കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹമുണ്ടെന്ന് സ്ഥിരീകരിച്ചു. കിണറ്റിലിറങ്ങിയപ്പോൾ ദുർഗന്ധം അനുഭവപ്പെെട്ടന്നും തൊഴിലാളികൾ പറഞ്ഞു.
മൃതദേഹത്തിന് മൂന്നുമാസത്തിലധികം പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുള്ള വീട്ടുടമസ്ഥർ നാട്ടിൽ സ്ഥിരതാമസത്തിന് എത്തുന്നതിനോട് അനുബന്ധിച്ചാണ് വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ നിർത്തിയത്. കിണറിെൻറ ഉൾഭാഗം അഞ്ച് തൊടിയോളം കാടുകയറിയ അവസ്ഥയിലായിരുന്നു. തൊഴിലാളികൾ പൊലീസിനെയും സ്ഥലം ജനപ്രതിനിധികളെയും വിവരമറിയിച്ചു. അഞ്ചുതെങ്ങ് പൊലീസും വർക്കല ഫയർ ആൻഡ് റസ്ക്യൂ സംഘവും എത്തി മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് അഞ്ചുതെങ്ങ് എസ്.എച്ച്.ഒ ചന്ദ്രദാസൻ അറിയിച്ചു. വിരലടയാള വിദഗ്ധർ പരിശോധന നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനക്കുശേഷമേ സംഭവത്തിൽ വ്യക്തതവരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.