ആറ്റിങ്ങൽ: മരങ്ങൾ അപകടഭീഷണിയായതിനെത്തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ആറ്റിങ്ങൽ നഗരസഭ വാർഡ് 7 കിളിത്തട്ട്മുക്ക് പ്രധാന റോഡിന് സമീപത്തായി നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ഉറക്കംതൂങ്ങിമരമാണ് അപകടഭീഷണി ഉയർത്തുന്നത്.
വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ വേരുകൾ വളർന്നിറങ്ങി റോഡിന്റെ സുരക്ഷാഭിത്തി തകർന്നനിലയിലാണ്. കൂടാതെ മരം സ്ഥിതിചെയ്യുന്നതിന് ഒരു വശം വളരെ താഴ്ന്ന പ്രദേശമാണ്. വളർന്ന് പന്തലിച്ച മരം ശക്തമായ മഴയിൽ കടപുഴകി വീഴാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ വീണാൽ കെ.എസ്.ഇ.ബിയുടെ 11 കെ.വി ലൈനുകൾ കടന്നുപോകുന്ന നിരവധി പോസ്റ്റുകൾക്ക് നാശം സംഭവിക്കും.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളടക്കം ആയിരക്കണക്കിന് കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ തുടങ്ങിയത് വിദ്യാർഥികൾ അടക്കമുള്ള വാഹനയാത്രികർക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വനംവകുപ്പുമായി കൂടിയാലോചിച്ച് അവനവഞ്ചേരി ഹൈസ്കൂളിന് സമീപത്തും വലിയകുന്നിലും അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മരങ്ങൾ അടിയന്തരമായി മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി.
സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ചന്ദ്രബോസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ, അനസ്, നഗരസഭ കൗൺസിലർ രാജഗോപാലൻ പോറ്റി, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് മേഖല സെക്രട്ടറി അഖിൽ, പ്രസിഡന്റ് അരുൺ, കർഷകസംഘം നേതാവ് കൃഷ്ണദാസ്, എസ്.എഫ്.ഐ നേതാവ് അർജുൻ കല്ലിങ്ങൽ, അമ്പലമുക്ക് ബ്രാഞ്ച് സെക്രട്ടറി കിരൺ, സജി കല്ലിങ്ങൽ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.