ആറ്റിങ്ങൽ: വികസന കാര്യത്തിൽ ആറ്റിങ്ങലിൽ പ്രധാന നേട്ടങ്ങൾ എല്ലാം ലഭ്യമാക്കിയത് വക്കം പുരുഷോത്തമൻ ജനപ്രതിനിധി ആയിരുന്നപ്പോൾ. ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹം ഓരോ പ്രധാന പദ്ധതികൾ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ട് വെച്ചു. വിജയിച്ചപ്പോൾ എല്ലാം ചുരുങ്ങിയ കാലയളവിൽ അവ യാഥാർഥ്യം ആക്കുകയും ചെയ്തു. ആറ്റിങ്ങൽ ഗവ. കോളജ്, ഗവ. ഐ.ടി.ഐ, എൻജിനീയറിങ് കോളജ്, ഗെസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, സിവിൽ സ്റ്റേഷൻ, ജൂനിയർ ടെക്നിക്കൽ സ്കൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ വികസന നേട്ടങ്ങളുടെ പട്ടികയിൽ പെടും. ജൂനിയർ ടെക്നിക്കൽ സ്കൂൾ പിൽക്കാലത്ത് ഗവ. പോളിടെക്നിക് കോളജ് ആയി ഉയർത്തപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ പ്രസക്തി എടുത്തുപറഞ്ഞ് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങൾകൊണ്ട് വരുന്നതിലും പ്രത്യേകം താൽപര്യം കാണിച്ചു.
ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന നാളികേര കോർപറേഷൻ എന്ന പൊതുമേഖല സ്ഥാപനം ആറ്റിങ്ങൽ കേന്ദ്രമാക്കി സ്ഥാപിച്ചതും വക്കം പുരുഷോത്തമൻ മുൻകൈയെടുത്താണ്. പിൽക്കാലത്ത് അഴിമതിയിൽ മുങ്ങി പൂട്ടിപ്പോയ സ്ഥാപനം ഇപ്പോൾ പുനരുജ്ജീവന ശ്രമത്തിലാണ്.
നൂറു കണക്കിന് ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പൊതുമേഖല വ്യവസായ സ്ഥാപനം ആറ്റിങ്ങൽ കേന്ദ്രമാക്കി കൊണ്ടുവരും എന്ന് വക്കം പുരുഷോത്തമൻ പ്രഖ്യാപിച്ചപ്പോൾ ഒരിക്കലും നടക്കില്ല എന്ന് കരുതിയവർ ആണ് ഭൂരിഭാഗവും. എതിർ രാഷ്ട്രീയ കക്ഷികൾ ആക്ഷേപിക്കുകയും ചെയ്തിരുന്നു. പക്ഷേ, അത് അദ്ദേഹം യാഥാർഥ്യമാക്കി.
അഞ്ചുതെങ്ങ് പഞ്ചായത്ത് പൂർണമായും ചിറയിൻകീഴ് പഞ്ചായത്തിന്റെ നല്ലൊരു ഭാഗവും തീരദേശമാണ്. വള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ ഇരു കരകളിലും പോയി വന്നത്. മീരാൻ കടവിൽ മാത്രം ഒരു ഇരുമ്പ് പാലം ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരവും ആ അവസ്ഥക്ക് വലിയ മാറ്റം ഒന്നും വന്നിരുന്നില്ല. അഞ്ചുതെങ്ങിനെയും കടയ്ക്കാവൂരിനെയും ബന്ധിപ്പിച്ച് മീരാൻ കടവിലും, അഞ്ചുതെങ്ങിനെയും വർക്കല മേഖലയെയും ബന്ധിപ്പിച്ച് നെടുങ്ങണ്ടയിലും അഞ്ചുതെങ്ങിനെയും ചിറയിൻകീഴിനെയും ബന്ധിപ്പിച്ച് മുഞ്ഞമൂട്ടിലും അഴൂരിനെയും പെരുമാതുറകരയെയും ബന്ധിപ്പിച്ച് അഴൂർ കടവിലും പാലങ്ങൾ നിർമിച്ചു. ഇവയെല്ലാം അഞ്ചുതെങ്ങ് കായലിനു കുറുകെയുള്ള ബൃഹത്തായ പാലങ്ങൾ ആയിരുന്നു.
വക്കം പ്രൈമറി ഹെൽത്ത് സെൻററിൽ രാത്രിയിലും ചികിത്സയും കൂടുതൽ ഡോക്ടർമാരും വേണം എന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചു. അന്ന് ഇത്തരം ആശുപത്രികളിൽ രാത്രി ചികിത്സ ലഭ്യമല്ല. വക്കത്ത് മാത്രം ആയി കൊണ്ടുവന്നാൽ സംസ്ഥാനത്ത് മൊത്തത്തിൽ ഈ ആവശ്യം ഉന്നയിക്കപ്പെടും എന്നതിനാൽ ഉദ്യോഗസ്ഥ തലത്തിൽ തടസ്സം ഉന്നയിക്കപ്പെട്ടു.
വക്കം പുരുഷോത്തമൻ വക്കം പി.എച്ച്.സിയെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ കീഴിലുള്ള റൂറൽ ഹെൽത്ത് സെൻറർ ആക്കി മാറ്റി ഈ പ്രശ്നം പരിഹരിച്ചു. ഇതോടെ പി.ജി ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.