ആറ്റിങ്ങൽ: മേൽ കടയ്ക്കാവൂർ പാറയിൽകടവിൽ പാലമെന്ന ആവശ്യം സ്വപ്നമായി അവശേഷിക്കുന്നു. ചിറയിൻകീഴ് പഞ്ചായത്തിലെ മേൽക്കടയ്ക്കാവൂർ, തിനവിള, കീഴാറ്റിങ്ങൽ, കിഴുവിലം പഞ്ചായത്തിലെ അയന്തിക്കടവ്, തോട്ടവാരം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വാമനപുരംനദിക്ക് കുറുകെ പാറയിൽകടവിൽ പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ്.
പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യം കൂടി പരിഗണിച്ച് മാസങ്ങൾക്കുമുമ്പ് കിഫ്ബിയിൽനിന്ന് 10 കോടി രൂപ വകയിരുത്തി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പാലം നിർമാണം ഇനിയും ആരംഭിക്കാനായിട്ടില്ല.
കിഴുവിലം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന അയന്തിക്കടവ് ഭാഗത്തുനിന്ന് 50 മീറ്റർ സ്വകാര്യ വസ്തു ഏറ്റെടുക്കുന്നതിലുള്ള തടസ്സമാണ് പാലം നിർമാണം അനിശ്ചിതമായി നീട്ടുന്നത്. നിലവിൽ ഈ ഭാഗങ്ങളിലുള്ളവർ യാത്രക്കായി കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് നദിയിലെ ഒഴുക്ക് ശക്തമാകുന്നതോടെ വള്ളം തുഴയാനാകാതെയാകും.
മേൽ കടയ്ക്കാവൂർ-പഴഞ്ചിറ എന്നീ വാർഡുകൾ വാമനപുരം നദിയുടെ മറുകരയിലാണ്. പാലം യാഥാർഥ്യമായാൽ ഈ വാർഡുകളിലുള്ളവർക്ക് എളുപ്പം ചിറയിൻകീഴിലെ വലിയകടയിലെത്താം. കൊല്ലമ്പുഴ വഴിയും മേൽ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് വഴിയും മണിക്കൂറുകൾ യാത്ര ചെയ്താണ് നിലവിൽ ആളുകൾ ചിറയിൻകീഴിലെത്തുന്നത്.
പാലം യാഥാർഥ്യമായാൽ കീഴാറ്റിങ്ങൽ, തിനവിള, മേൽ കടയ്ക്കാവൂർ ഭാഗങ്ങളിലുള്ളവർക്ക് ചിറയിൻകീഴ് വലിയകട ബൈപാസിലെത്താം. ബൈപാസ് വഴി കണിയാപുരത്ത് എത്തി തിരുവനന്തപുരത്തേക്ക് പോകാനും ചിറയിൻകീഴ് നിന്ന് വക്കം, വർക്കല ഭാഗങ്ങളിലേക്കും എളുപ്പം പോകാനാകും. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തടസ്സങ്ങൾ നീക്കി പാലം നിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.