ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പൊതു ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം 79 ശതമാനമെന്ന് കണ്ടെത്തി. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന വിധമാണ് കോളിഫോം ബാക്ടീരിയയുടെ അളവ്. മനുഷ്യ വിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയ പൊതു ജലാശയങ്ങളിൽ വലിയ തോതിൽ കണ്ടതോടെ നഗരസഭ ഇടപെടൽ തുടങ്ങി.
നഗരപരിധിയിലെ കുളങ്ങൾ, തോടുകൾ, തണ്ണീർ തടങ്ങൾ ഉൾപ്പടെയുള്ള ജലാശങ്ങൾ കഴിഞ്ഞ വർഷം ശുചീകരിച്ച ശേഷം അതിൽനിന്ന് ശേഖരിച്ച ജലം പരിശോധനക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് മനുഷ്യ വിസർജ്യത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം 79 ശതമാനത്തോളം കണ്ടെത്തിയത്.
പരിശോധനക്കയച്ച സാമ്പിളുകളിൽ ഇത്രയും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് എന്തുകൊണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പൊതു ഇടങ്ങളിൽ മലമൂത്ര വിസർജനം വ്യാപകമായി നടക്കുന്ന നഗരമേഖലകളിലാണ് ഇത്തരം പ്രശ്നമുണ്ടാകുന്നത്. നഗരമേഖലയിൽ ഓടകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതാണ് കോളിഫോം ബാക്ടീരിയ വർധനക്ക് കാരണമെന്നാണ് നിഗമനം.
ഓടകളിലെ വെള്ളം ഒഴുകി പൊതു ജലാശയങ്ങളിൽ എത്തിച്ചേരുകയാണ്. ഇത് സംബന്ധിച്ച് കൂടുതൽ പഠനവും അന്വേഷണവും ആവശ്യമാണ്. ഈ അവസ്ഥ ഒഴിവാക്കാൻ ജലാശയങ്ങൾ മാലിന്യമുക്തമാക്കാൻ നഗരസഭ നടപടി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ ശുദ്ധീകരിക്കും.
വീടുകളിലും സ്ഥാപനങ്ങളിലും സെപ്റ്റിക് ടാങ്കും നിലവിലെ സിംഗിൾ പിറ്റ് എന്ന സംവിധാനം ഒഴിവാക്കി ട്വിൻ പിറ്റ് സംവിധാനവും നിർബന്ധിതമാക്കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും പദ്ധതിയോടൊപ്പം ഏകോപിപ്പിക്കും. സംസ്ഥാന സർക്കാറിന്റെ തെളിനീരൊഴുകും നവകേരളം തുടർ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളും നടത്തുന്നത്.
ആറ്റിങ്ങൽ നഗരത്തിൽ നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു. നഗരത്തിലെ ജലാശയങ്ങളിൽ ശുദ്ധജല പ്രവാഹം ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശം.
അപ്പൂപ്പൻനട തോട് ശുചീകരിച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, കൗൺസിലർമാരായ സുധാകുമാരി, കെ.പി. രാജഗോപാലൻ പോറ്റി, ഹെൽത്ത് ഇൻസ്പെക്ടർ ധന്യ, നവ കേരള മിഷൻ റിസോഴ്സ്പേഴ്സൺ സിന്ധു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.