തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം. തിങ്കളാഴ്ച പുലർച്ച 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും ക്ഷേത്ര പരിസരത്ത് പൊങ്കാലക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തവണ 40 ലക്ഷത്തിലധികം ഭക്തരെയാണ് ക്ഷേത്രഭരണസമിതിയും സർക്കാറും കോർപറേഷനും പ്രതീക്ഷിക്കുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട് സർക്കാറും കോർപറേഷനും ചേർന്ന് ചെലവഴിക്കുന്നത് 8.40 കോടിയാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്കു പുറമെ, തിരുവനന്തപുരം നഗരസഭ 5.2 കോടി രൂപ കൂടി ചെലവിടുന്നതായി മേയർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു.
നല്ല ഭക്ഷണവും ദാഹശമനികളുമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷൽ ഓഫിസർ ചുമതല തിരുവനന്തപുരം സബ്കലക്ടർ അശ്വതി ശ്രീനിവാസിനാണ്.
പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തരമായി നടത്തേണ്ട നിമാണങ്ങൾ, ശുചീകരണം എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ കലക്ടർ മുഖേന സമർപ്പിക്കണം. തുടർനടപടിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമീഷണർ നാഗരാജു സി, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റുകാൽ പൊങ്കാല സുരക്ഷക്രമീകരണങ്ങൾക്കായി 750ഓളം പൊലീസുകാരെ തിങ്കളാഴ്ച മുതൽ ഡ്യൂട്ടിക്കായി വിന്യസിക്കും. രണ്ടാം ഘട്ടത്തില്‍ 2890 ഓളം പോലീസുകാരെ അധികമായും വിന്യസിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.സി ടി.വി കാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഫ്തിയിലുള്ള വനിതാ പൊലീസിന്റെയും, ഷാഡോ പൊലീസിന്റെയും സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി-ആറ്റുകാൽ ബണ്ട് റോഡ് അട്ടക്കുളങ്ങര-മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര - വലിയപള്ളി റോഡ്, കമലേശ്വരം-വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാൽ റോഡ്, ഐരാണിമുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ല.
ക്ഷേത്രത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ മണക്കാട് മാര്‍ക്കറ്റ് റോഡ് വഴി ക്ഷേത്രത്തിലേക്കും തിരിച്ച് മേടമുക്ക് മണക്കാട് വലിയപള്ളി, മണക്കാട് ഈസ്റ്റ്-ഫോര്‍ട്ട് വഴി പോകണം. വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലും, ഫാര്‍മസി കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
ഭക്ഷണ വിതരണത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോർപറേഷൻ ഹെൽത്ത് സ്ക്വാഡിന്റെ സജീവ പ്രവർത്തനവും ഉറപ്പാക്കും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാമ്പുകളുണ്ടാകും. ഹെൽത്ത് സർവിസിന്റെ 10 ആംബുലൻസും 108ന്റെ രണ്ട് ആംബുലൻസും നഗരസഭയുടെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. ആറ് മെഡിക്കൽ ക്യാമ്പുകളും ഇതിന്റെ ഭാഗമായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.