തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കാപ്പുകെട്ടോടെ തുടക്കമായി. കുംഭത്തിലെ കാര്‍ത്തിക നക്ഷത്രമായ ശനിയാഴ്ച രാവിലെ എട്ടിനാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടന്നത്. കാപ്പുകെട്ടുന്ന വേളയില്‍ ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയ ഭക്തര്‍ ദേവീസ്തുതികള്‍ ഉരുവിട്ടു. അന്തരീക്ഷത്തില്‍ ആചാരവെടികള്‍ മുഴങ്ങി. 10 നാള് നീളുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി.
ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. കണ്ണകിയുടെ വിവാഹ വര്‍ണനയാണ് രണ്ടാംദിവസം പാടുന്നത്. പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ട് കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്റെ കൈയിലും കെട്ടി.പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്.
ഉത്സവം കഴിയുന്നതുവരെ മേല്‍ശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തുടരും. 25ന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേല്‍ശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആറ്റുകാ ലിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിരുന്നു. വിവിധ കരകളില്‍ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകള്‍ ശനിയാഴ്ച രാത്രിമുതല്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചുതുടങ്ങി.
കുത്തിയോട്ട വ്രതം തിങ്കളാഴ്ച ആരംഭിക്കും. പൊങ്കാല കഴിഞ്ഞ് വൈകീട്ട് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്. മണക്കാട് ശാസ്താക്ഷേത്രത്തില്‍നിന്ന് പിന്നേറ്റ് രാവിലെ മടക്കിയെഴുന്നള്ളത്ത്. അര്‍ധരാത്രി നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം അവസാനിക്കും.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്, കലക്ടര്‍ ജെറോമിക് ജോര്‍ജ്, സബ്കലക്ടര്‍ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലം എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: കനത്ത ചൂട് നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാലക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ചൂടിനെ നേരിടാന്‍ ഭക്തരും ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.