തിരുവനന്തപുരം: ലക്ഷക്കണക്കിന് അടുപ്പുകളിൽ ആറ്റുകാൽ പൊങ്കാലയുടെ പുണ്യനൈവേദ്യം നിറയാൻ ഇനി മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ 10ന് ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. എല്ലാ കണ്ണുകളും എല്ലാ മനസ്സുകളും തിങ്കളാഴ്ച വൈകുന്നേരം മുതൽതന്നെ ആറ്റുകാലിലേക്ക് നീണ്ടു. ദേവീസ്തുതികളുമായി ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ തൊഴുകൈകളുമായി ഒഴുകിയെത്തിയത്.
നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലക്കളത്തിനായി ഒരുങ്ങി. ഇനി ഭക്തിസാഫല്യത്തിനുള്ള പ്രാര്‍ഥന മാത്രം. ക്ഷേത്രാങ്കണത്തിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. പാട്ടുതീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കും.
മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകരും.
പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഇതിന് പിന്നാലെ നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളില് അടുപ്പുകള്‍ തെളിയും. ഉച്ചക്ക് 2.30 ന് ഉച്ചപൂജക്കുശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.
വൈകീട്ട് 7.45ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. രാത്രി 10.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നെള്ളത്ത് തുടങ്ങും. ബുധനാഴ്ച രാവിലെ എട്ടിന് അകത്തേക്കുള്ള തിരിച്ചെഴുന്നെള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതി തര്‍പ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും.
സുരക്ഷയൊരുക്കാൻ മൂവായിരത്തോളം പൊലീസുകാരും നിവേദിക്കാന്‍ മുന്നൂറിലധികം പൂജാരിമാരെയും ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ഉത്സവനാളുകളില്‍ ദര്‍ശനത്തിനും പൊങ്കാലക്കും പതിവിലുമധികം ഭക്തരാണ് ഇക്കുറിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.