വർക്കല: കാപ്പിൽ കടലിലെ തിരക്കുഴിലകപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. കടയ്ക്കൽ സ്വദേശി രാഹുൽ രാജിെൻറ(23) മൃതദേഹമാണ് ശനിയാഴ്ച കിട്ടിയത്. രാവിലെ പത്തരയോടെ വർക്കല ആലിയിറക്കം കടൽത്തീരത്താണ് മൃതശരീരം കാണപ്പെട്ടത്. മൽസ്യത്തൊഴിലാളികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച വൈകീട്ടാണ് പാരിപ്പള്ളി കൂനമ്പായിക്കുളത്തമ്മ എഞ്ചിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർത്ഥികളായ ഏഴംഗ സംഘം കാപ്പിൽ കടൽത്തീരത്തെത്തിയത്. പരീക്ഷയെഴുതി നിൽക്കുന്ന സുഹൃത് സംഘം കാപ്പിൽ റിസോർട്ടിൽ തങ്ങുകയായിരുന്നുവത്രെ. വെറ്റക്കടയ്ക്കും കാപ്പിലിനുമിടയിലുള്ള കടൽത്തീരത്ത് കാറ്റുകൊള്ളാൻ പോയ സംഘത്തിലെ അഞ്ചുപേർ കടലിൽ കുളിക്കാനിറങ്ങി. കടയ്ക്കൽ സ്വദേശികളായ രാഹുൽരാജ്, ആകാശ്, ആറ്റിങ്ങൽ സ്വദേശി അഖിൽ, കൊല്ലം മാടൻനട സ്വദേശികളായ പ്രവീൺ, ആകാശ് എന്നിവരാണ് കുളിക്കാനിറങ്ങിയത്.
കാപ്പിൽ സ്വദേശികളായ എബിൻ, ദിദിൻ എന്നിവർ തീരത്തിരുന്നു. ഇവർ കുളിക്കാനിറങ്ങിയ ഭാഗത്ത് തിരകൾക്ക് സാധാരണ ശക്തികുറവാണെങ്കിലും ചിലപ്പോൾ അടിയൊഴുക്കും തിരക്കുഴിയും രൂപപ്പെടാറുണ്ട്. ഇങ്ങനെയുണ്ടായ തിരക്കുഴിൽപ്പെട്ടാകും മൂന്നുപേർ കടലിലകപ്പെട്ടത്. ഇതിലൊരാൾ ഭാഗ്യവശാൽ തിരയിൽപ്പെട്ടുതന്നെ തീരത്തേക്കെടുത്തെറിയപ്പെട്ടിരുന്നു.
രാഹുൽരാജും അഖിലും അപകടത്തിൽപ്പെട്ടെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കളുടെ നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിക്കൂടിയത്. അവർ വർക്കല ഫയർഫോഴ്സിനെയും അയിരൂർ പൊലീസിനെയും വിവരമറിയിച്ചു. ഇരുട്ടുവീണതിനാൽ ഫയർഫോഴ്സും നാട്ടുകാരായ മൽസ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിൽ ഫലംകണ്ടില്ല.
പോലീസ് കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവിടങ്ങളിലും വിവരമറിയിച്ചു. ശനിയാഴ്ച അതിരാവിലെ മുതൽ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെൻറും കടലിൽ തിരച്ചിൽ നടത്തുന്നതിനിടെ പത്തരയോടെ മൽസ്യത്തൊഴിലാളികൾ തീരത്തടിഞ്ഞ രാഹുൽരാജിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി അഖിലിെൻറ (23) മൃതശരീരത്തിനായി ഇപ്പോഴും കടലിൽ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.