ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ വികസനത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 164 കോടിയുടെ പദ്ധതിക്ക് പി.എം.എം.എസ്.വൈ ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അഴിമുഖത്ത് മൺസൂൺ കാലങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെടുന്നത് സംബന്ധിച്ച് വിശദമായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൂണെ സി.ഡബ്ല്യു.പി.ആർ.എസിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുകയും അവർ പഠനം നടത്തുകയും ചെയ്തിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മുതലപ്പൊഴിയുടെ അപകട പ്രശ്നപരിഹാരത്തിനും ഭാവി വികസനത്തിനും പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു.
ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാറിന്റെ പി.എം.എം.എസ്.വൈയിൽ ഉൾപ്പെടുത്താൻ സമർപ്പിച്ചിരുന്നു. ഇതിനാണ് നിലവിൽ ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാ രം ലഭിച്ചത്.
തെക്കേ പുലിമുട്ട് 425 മീറ്റർ നീളം വർധിപ്പിച്ച് ഹാർബർ മൗത്ത് വടക്ക് ഭാഗത്ത് വരുന്ന വിധം പുനർ നിർമിക്കുക, ലോഡ് ഔട്ട് ഫെസിലിറ്റി നിർമിക്കുന്നതിനായി മുറിച്ച തെക്കേ പുലിമുട്ട് പുനഃസ്ഥാപിക്കുക, ചാനലിലും കായലിലും ഡ്രഡ്ജിങ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താഴംപള്ളി ഹാർബർ, ലേല ഹാൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ, പോക്കറ്റ് റോഡുകൾ, കോൾഡ് സ്റ്റോറേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടോയിലറ്റ് ബ്ലോക്ക്, വർക്കേഴ്സ് റെസ്റ്റ് ഷെഡ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സി.സി.ടി.വി, ക്ലീനിങ് ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയവയും നിർമിക്കും.
എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്ത് മൂന്നുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാറിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
പാർലമെൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും നിർമ്മാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നും വി. ശശി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.