ചിറയിൻകീഴ്: ഇറാനിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്ത്യൻ പ്രതിനിധികൾ ഉടൻ അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ പിടിയിലായ അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അഞ്ചുതെങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി സ്വദേശി ആരോഗ്യ രാജ് (43), മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിംഗ്ടൺ (44) മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ എൽ (46), പരവൂർ സ്വദേശികളായ ഷാഹുൽ ഹമീദ് (48), ഷമീർ (46) തുടങ്ങിയവർ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി സംഘമാണ് ഇറാനിൽ പിടിയിലായത്.
ജൂൺ 18 ന് അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ഉടമയായ അറബി ഉൾപ്പെട്ട 11അംഗ സംഘത്തെയാണ് അതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇറാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തിരുവനന്തപുരം അതിരൂപത സഹായം മെത്രാൻ ക്രിസ്തുദാസൻ, മാമ്പള്ളി ഇടവക വികാരി ജസ്റ്റിൻ ജൂഡ്, ഇടവക കമ്മറ്റി അംഗങ്ങൾ, കെ.എൽ.സി. എ തിരുവനന്തപുരം അതിരൂപത ട്രഷറർ ജോഷി ജോണി എന്നിവർ മന്ത്രിയുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.