ചിറയിൻകീഴ്: തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പെരുമാതുറ-അഞ്ചുതെങ്ങ് തീരദേശ റോഡാണ് ഉപരോധിച്ചത്. അഴൂർ ഗ്രാമപഞ്ചായത്ത് 18ാം വാർഡിൽ കൊട്ടാരം തുരുത്തിൽ ഒരു വർഷമായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിനു പരിഹാരം ആവശ്യപ്പെട്ട് ജനം അധികൃതർക്ക് നിരവധി പരാതി നൽകി. എന്നാൽ, ശാശ്വത പരിഹാരം ഉണ്ടായില്ല. തുടർന്നാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. രാവിലെ ഒമ്പതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനുപേർ കാലിക്കുടങ്ങളുമായി പ്രകടനമായി എത്തി റോഡിൽ കുത്തിയിരുന്നു.
സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. സിവിൽ ഡ്രസിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ജനം തടഞ്ഞതോടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകൾക്കുശേഷം ഉച്ചക്ക് 12ഓടെ ഉപരോധം അവസാനിപ്പിച്ചു. കൊട്ടാരം തുരുത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയോടെ ജല ലഭ്യത ഉറപ്പുവരുത്താമെന്നും ഇതിനായി താൽക്കാലികമായി കണക്ഷൻ വലിക്കാമെന്നും വീടുകളിൽ സ്ഥാപിച്ച പൈപ്പുകളിൽ മൂന്നു മാസത്തിനുള്ളിൽ വെള്ളം എത്തിക്കാമെന്നും വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എൻജിനീയർ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനെതിരെ കണ്ടാൽ അറിയുന്ന അമ്പതോളം പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.