ചിറയിൻകീഴ്: മരണക്കെണിയായി മാറിയ മുതലപ്പൊഴി അഴിമുഖം അടച്ചിടില്ലെന്ന് മത്സ്യത്തൊഴിലാളികളെ വകുപ്പുമന്ത്രി അറിയിച്ചു. മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ ഹാർബർ അടച്ചിടുന്നതിനെ മത്സ്യത്തൊഴിലാളി സംഘടനകൾ ശക്തമായി എതിർത്തു. ഇതിനെത്തുടർന്നാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകിയത്. ഹാർബർ അടച്ചിടാൻ ഫിഷറീസ് വകുപ്പ് നേരേത്ത ശിപാർശ നൽകിയിരുന്നു.
സുരക്ഷിതമല്ലാത്ത സമയത്തെ മത്സ്യബന്ധനശ്രമങ്ങളാണ് മുതലപ്പൊഴിയിലെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതിക്ഷോഭകാലയളവിൽ ഹാർബർ അടച്ചിടാൻ ശിപാർശ ചെയ്യപ്പെട്ടത്. വർധിച്ചുവരുന്ന അപകടങ്ങൾ കണക്കിലെടുത്ത് മുതലപ്പൊഴി ഹാർബർ രണ്ടുമാസത്തേക്ക് അടച്ചിടാനായിരുന്നു സർക്കാർ ശ്രമം. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കടൽക്ഷോഭസമയങ്ങളിൽ മത്സ്യബന്ധനത്തിനായി മുതലപ്പൊഴി ഹാർബർ വഴി മത്സ്യബന്ധനയാനങ്ങൾ കടലിലേക്ക് പോകുന്നത് തടയാൻ പ്രാദേശിക സമിതികൾ രൂപവത്കരിക്കും. ഈ സമിതികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെംബർമാർ, മത്സ്യത്തൊഴിലാളി സംഘടനപ്രതിനിധികൾ എന്നിവരെ അംഗങ്ങളാക്കാനും തീരുമാനമെടുത്തു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഭാഗമായി മുതലപ്പൊഴിയിൽ അദാനി കമ്പനി പൊളിച്ചുനീക്കി നിർമിച്ച വാർഫ് നീക്കം ചെയ്ത് ഇവിടെ പുലിമുട്ട് നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കും. മുതലപ്പൊഴിയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായി കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ സമർപ്പിച്ച 164 കോടിയുടെ പദ്ധതികൾ അനുമതിയാകുന്നമുറക്ക് വേഗത്തിൽ നടപ്പാക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.