ചിറയിൻകീഴ്: റോഡ് പണി പാതിവഴിയിൽ നിർത്തിയതിൽ പ്രതിഷേധിaച്ച് പഞ്ചായത്തംഗം രാത്രിയിലും പഞ്ചായത്ത് എ.ഇ ഓഫിസിൽ കുത്തിയിരുന്നു. അഴൂർ പഞ്ചായത്തംഗം നസിയ സുധീറാണ് പ്രതിഷേധിച്ചത്. ഗ്രാമപഞ്ചായത്തിലെ മാടൻവിള ഒന്നാം വാർഡിലെ റേഡിയോ കിയോസ്ക് റോഡ് (മയ്യത്ത് റോഡ്) കോൺക്രീറ്റ് ചെയ്യൽ പാതിവഴിയിൽ നിർത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറുടെ ഓഫിസിനുമുന്നിൽ പ്രതിഷേധിച്ചത്.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപകൊണ്ട് 80 മീറ്റർ കോൺക്രീറ്റിനായി എസ്റ്റിമേറ്റ് എടുത്ത് റോഡിന്റെ ഒരുവശം കോൺക്രീറ്റ് ചെയ്തു. ബാക്കി പണി ചെയ്യാത്തതിനെതുടർന്ന് നിരവധി തവണ കരാറുകാരനെയും എ.ഇയെയും സമീപിക്കുകയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കണ്ട് പരാതിപ്പെടുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എ.ഇയെ ഉപരോധിക്കാൻ തീരുമാനിച്ചതെന്ന് നസിയ പറഞ്ഞു. രാത്രി വൈകിയും പഞ്ചായത്ത് ഓഫിസിൽ ഇരുന്ന വനിതാ അംഗത്തെ പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എ.ഇ, ഓവർസിയർ എന്നിവർ അനുനയിപ്പിച്ചു. അടുത്ത ദിവസംതന്നെ കരാറുകാരനെ വിളിച്ചു വരുത്താമെന്നും പണി ഉടൻ പൂർത്തീകരിക്കാമെന്നും ഉറപ്പുനൽകിയതിനെ തുടർന്ന് രാത്രി എട്ടോടെ സമരം അവസാനിപ്പിച്ചു. സമരത്തിന് കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി എത്തി. ഉറപ്പ് പാലിച്ചില്ലെങ്കിൽ വാർഡ് നിവാസികളെ അണിനിരത്തി സമരം ആരംഭിക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ, നേതാക്കളായ മാടൻവിള നൗഷാദ്, ബിജു ശ്രീധർ, അൻസിൽ അൻസാരി, എസ്.ജി. അനിൽകുമാർ, രാജൻ കൃഷ്ണപുരം, തോന്നയ്ക്കൽ സജാദ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു പുറത്തും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.