ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മണൽ നീക്കം നിലച്ചു. അഴിമുഖ പ്രവേശന കവാടത്തിൽ മണൽ മൂടുന്നു. തൽസ്ഥിതി തുടർന്നാൽ സമീപ ദിവസങ്ങളിൽതന്നെ പൊഴി മൂടിപ്പോകുന്ന സ്ഥിതിയിലാകും. നിലവിൽ മത്സ്യബന്ധനയാനങ്ങൾ അപകടകരമായ സാഹചര്യത്തിലാണ് കടലിലേക്ക് പോകുന്നത്.
മുതലപ്പൊഴിയിലെത്തിച്ച എക്സ്കവേറ്റർ ഉപയോഗിച്ചുള്ള മണൽനീക്കത്തിന് കാര്യമായ പുരോഗതിയില്ലാതായതോടെ പ്രവൃത്തികൾ അവസാനിപ്പിച്ചു. ഡ്രെഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്ന തീരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി.
കഴിഞ്ഞ ഡിസംബറിൽ അദാനി ഗ്രൂപ് മുതലപ്പൊഴിയിലെത്തിച്ച ഒരു എക്സ്കവേറ്റർ ഉപയോഗിച്ചാണ് മണൽ നീക്കം നടത്തിവന്നത്. ഈ പ്രവർത്തനങ്ങൾ തന്നെ ആസൂത്രണമില്ലാതെയായിരുന്നു. കുഴിച്ചെടുക്കുന്ന മണലിനെക്കാൾ കൂടുതൽ അടിഞ്ഞുകൂടി.
അദാനി പോർട്സ് പാറ നീക്കത്തിനായി നിർമിച്ച വാർഫിനു സമീപം വൻതോതിൽ മണൽമൂടുകയാണ്. എക്സ്കവേറ്റർ ഘടിപ്പിച്ച ബാർജിന് മുന്നോട്ടുപോകാനാവാത്ത വിധം ആഴംകുറഞ്ഞു. ആറു മീറ്റർ താഴ്ച വേണ്ട അഴിമുഖപ്രവേശന കവാടത്തിന് നിലവിൽ രണ്ടു മീറ്റർ പോലും ആഴമില്ലാതായതോടെ മത്സ്യബന്ധന യാനങ്ങൾ അപകടകരമായ സാഹചര്യത്തിലാണ് കടന്നുപോകുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
കരാർ കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ, പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജനുവരി മൂന്നിന് നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദാനി ഗ്രൂപ്പിന് കർശന നിർദേശം നൽകിയിരുന്നു. നിർദേശം അവഗണിക്കുന്ന സമീപനമാണ് അദാനി ഗ്രൂപ് സ്വീകരിക്കുന്നത്.അഴിമുഖത്ത് ആവശ്യമായ ആഴമില്ലാത്തതാണ് മുതലപ്പൊഴിയെ പ്രധാന അപകടകേന്ദ്രമാക്കി മാറ്റുന്നത്.
ആഴം ഉറപ്പാക്കാത്തതിനാൽ കഴിഞ്ഞവർഷം മൺസൂൺ കാലത്ത് 29 അപകടങ്ങളുണ്ടായി. നാലു പേരുടെ ജീവനും നഷ്ടമായി. ഇതേ സ്ഥിതി തുടർന്നാൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിയാധാരമാകും.
ഡ്രഡ്ജർ എത്തിച്ച് അഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ എൻജിനീയറുടെ ഓഫിസ് ഉപരോധമുൾപ്പെടെ സമരത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.