ചിറയിൻകീഴ്: ശക്തമായ കടലാക്രമണത്തിൽ മുതലപ്പൊഴി അഴിമുഖത്ത് നിരവധി വള്ളങ്ങൾ അപകടത്തിൽപെട്ടു. കോസ്റ്റൽ പൊലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.
പെരുമാതുറ മുതലപ്പൊഴി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.45നാണ് അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞ് ആദ്യ അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുതൊഴിലാളികളെ മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മൂന്നു പേർക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജിത്തു (24), അജി (27), അനീഷ് (29) ഇവർക്കാണ് പരിക്കേറ്റത്. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് കടലിലേക്ക് ഒഴുകി പോയതോടെ രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ വള്ളം എന്നിവ കടലിലേക്ക് പോയി. ഇവ രണ്ടും തിരയിൽപ്പെട്ട് ആടിയുലഞ്ഞു. അഴിമുഖം കടക്കവേ തിരയിൽപ്പെട്ട കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരൻ പ്രദീപിന് ബോട്ടിനുള്ളിൽതന്നെ ഇടിച്ച് വീണു പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനു ശേഷം തിരികെയെത്തിയ മറ്റൊരു മത്സ്യബന്ധന വള്ളം തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അറുപതുകാരൻ ഔസേപ്പ് കടലിലേക്ക് തെറിച്ചുവീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഇവരെയും താലൂക്കാശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയും ഒരു ബോട്ട് മറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.