ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ മേൽപാലനിർമാണം അനന്തമായി ഇഴയുന്നു. 2016 ലാണ് മേൽപാലനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് തുടക്കമായത്. തുടർന്ന് 2021 ജനുവരി 23ന് നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു.
പ്രവൃത്തികളുടെ ഭാഗമായി 2021 ഡിസംബർ 13 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിക്കുകയും റെയിൽവേ ഗേറ്റ് അടച്ചിടുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി പാലം തുറന്നുനൽകാനായിരുന്നു പദ്ധതി. പക്ഷേ, ഇന്നും നിർമാണ പ്രവൃത്തികൾ എങ്ങുമെത്താത്ത അവസ്ഥയാണ്.
ചിറയിൻകീഴ് വലിയകടയിൽ നിന്നാരംഭിച്ച് പണ്ടകശാലക്കുസമീപംവരെ 800 മീറ്ററോളം നീളത്തിലാണ് മേൽപാലം നിർമിക്കുന്നത്. ചിറയിൻകീഴ്-കടയ്ക്കാവൂർ റോഡിൽ റെയിൽവേ സ്റ്റേഷനുസമീപമുള്ള ഗേറ്റിന് മുകളിലൂടെയാണ് മേൽപാല നിർമാണം. 13 കോടി ചെലവിട്ട് 1.5 ഏക്കർ ഭൂമിയാണ് നിർമാണത്തിനായി ഏറ്റെടുത്തത്.
പുണെ ഐ.ഐ.ടിയാണ് പാലത്തിന്റെ രൂപരേഖക്ക് അംഗീകാരം നൽകിയത്. തുടക്കത്തിൽ ചടുലമായിരുന്ന നിർമാണം പിന്നീടങ്ങോട്ട് ഒച്ചിഴയും പോലെയായി. നിർമാണത്തിനായി ചിറയിൻകീഴ് റെയിൽവേ ഗേറ്റടച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കടയ്ക്കാവൂർ ഭാഗത്തേക്കുപോകേണ്ട ശാർക്കര പണ്ടകശാല റോഡിന്റെ നവീകരണം വൈകിയതും വീതിക്കുറവും യാത്രക്കാരെ ദുരിതത്തിലാഴ്ത്തി.
ചളിക്കെട്ടിനൊപ്പം പൈപ്പ് പൊട്ടി മാസങ്ങളോളം ശുദ്ധജലവിതരണം മുടങ്ങിയിരുന്നു. റെയിൽവേയുടെ പണികൾക്കെടുത്ത കാലതാമസമായിരുന്നു ഏറ്റവും ഒടുവിലത്തെ തടസ്സം.
നാട്ടുകാരുടെ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ ജില്ല ഭരണകൂടവും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഒടുവിൽ ഈ വർഷം മാർച്ച് 31ഓടെ പണികളെല്ലാം പൂർത്തിയാക്കി മേൽപാലം പൂർണ സജ്ജമാക്കുമെന്ന അധികൃതരുടെ ഉറപ്പും നടപ്പായില്ല. ലോക്സഭ െതരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് മുന്നണികളും പാലം നിർമാണം ഉടൻ പൂർത്തീകരിമെന്ന് വാഗ്ദാനം നൽകിയെങ്കിലും നിർമാണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.