തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിന് ആവേശം പകരാന്‍ തലസ്ഥാനനഗരി ദീപാലങ്കാരങ്ങളുടെ നിറക്കാഴ്ചയൊരുക്കും. കനകക്കുന്നിലും പരിസരത്തുമാണ് വിനോദ സഞ്ചാരവകുപ്പ് ദീപാലങ്കാരം ഒരുക്കുന്നത്. ജനുവരി ഒന്നുവരെ നീളുന്ന ദീപാലങ്കാര വിന്യാസം ഇന്ന് വൈകീട്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം നഗരത്തെ നൈറ്റ് ലൈഫിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് വര്‍ണവെളിച്ച സംവിധാനം ഒരുക്കുന്നത്. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി തീം അധിഷ്ഠിത വെളിച്ച വിന്യാസമാണ് ഒരുക്കുന്നത്. എല്ലാ ദിവസവും രാത്രി ഒന്നുവരെ ഇത് ആസ്വദിക്കാനാകും.
കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതു ഗേറ്റ് മുതല്‍ അകത്തേക്കുള്ള പുല്‍ത്തകിടികളും നടപ്പാതകളും സസ്യലതാദികളും വെളിച്ചത്തില്‍ മനോഹരമാക്കും.
മ്യൂസിയം പൊലീസ് സ്റ്റേഷന് മുതല്‍ ജവഹര്‍ ബാലഭവന്വരെയുള്ള വഴിയോരങ്ങളിലും ദീപവിതാനം മായക്കാഴ്ചയൊരുക്കും. വെളിച്ചത്തിന്റെ ദൃശ്യാരാമത്തിലേക്ക് പ്രവേശനമോതുന്ന കവാടത്തില്‍ 40 അടി നീളവും എട്ടടി ഉയരവുമുള്ള റെയിന്‍ ഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. പുതുവത്സരത്തെ വരവേല്‍ക്കുന്ന ദീപവിതാനവും സജ്ജമാണ്.
100 വീതം റെയിന്‍ ഡിയറുകളും ക്രിസ്മസ് ബെല്ലുകളും ക്രിസ്മസ് ട്രീകളും വലിയ നക്ഷത്രങ്ങളും കനകക്കുന്നില്‍ തെളിയും. മരങ്ങള്‍ എൽ.ഇ.ഡി ലൈറ്റുകള്‍കൊണ്ട് പൂര്‍ണമായും പൊതിയും. നിയോണ്‍ വെളിച്ചത്തില്‍ മുങ്ങുന്ന മരങ്ങളുമുണ്ടാകും. ട്രീ റാപ്പിങ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. പ്രത്യേക ഇടങ്ങളില്‍ വര്‍ണാഭമായ ഫോട്ടോ പോയന്റുകളും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.