തിരുവനന്തപുരം: പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽനിന്ന് സ്റ്റീരിയോ മോഷ്ടിച്ചയാളെ സിനിമ സ്റ്റൈലിൽ പിടികൂടി സിനിമാനടനായ പൊലീസുകാരൻ. പി.എം.ജിക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിലെ സ്റ്റീരിയോ ആണ് മോഷണംപോയത്.
‘മിന്നൽ മുരളി’, ‘കോൾഡ് കേസ്’, ‘ദ ഗ്രേറ്റ് ഫാദർ’ തുടങ്ങിയ സിനിമകളിലും കേരള പൊലീസിന്റെ വിഡിയോകളിലും ജിബിൻ അഭിനയിച്ചിട്ടുണ്ട്. നഗരത്തിലെ കാർ ഷോറൂമിലെ ജീവനക്കാരൻ ആനയറ സ്വദേശി നിധീഷാണ് പിടിയിലായത്.
വീട്ടിലേക്ക് വാഹനം കയറാത്തതിനാൽ പ്ലാമൂട് റോഡിന് സമീത്താണ് ജിബിൻ സ്ഥിരമായി കാർ പാർക്ക് ചെയ്യുന്നത്. പതിവുപോലെ ജോലി കഴിഞ്ഞ് വന്ന് കാർ പാർക്ക് ചെയ്ത് ജിബിൻ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച വൈകീട്ട് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങാൻ സമീപത്തെ കടയിൽ പോയി മടങ്ങുമ്പോൾ കാറിനോട് ചേർന്ന് ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഒരാൾ ഇരിക്കുന്നതും കണ്ടു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാൾ പുറത്തിറങ്ങി. കൈയിൽ എന്താണെന്ന് ചോദിച്ചപ്പോൾ സ്റ്റീരിയോ ആണെന്ന് പറഞ്ഞു. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ജിബിൻ പറയുന്നു.
ഉടൻ ആളുകളെ വിളിച്ചുകൂട്ടി, മോഷ്ടാവിനെ മ്യൂസിയം പൊലീസിന് കൈമാറി. 16 വർഷത്തെ സർവിസിനിടയിൽ ആദ്യമായാണ് കള്ളനെ പിടികൂടുന്നതെന്ന് ജിബിൻ സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വ്യക്തമാക്കി. പ്രതി മുമ്പ് ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.