സിറ്റി ഗ്യാസ് വീടുകളിൽ എത്തിത്തുടങ്ങി

തിരുവനന്തപുരം: വീടുകളിലും ഹോട്ടലുകളിലും പൈപ്പ് ലൈന്‍ വഴി പാചകവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് നഗരത്തിൽ തുടക്കമായി. ആദ്യഘട്ടം വെട്ടുകാട് വാർഡിലെ 60 വീടുകൾക്ക് കണക്ഷൻ നൽകി. അടുത്ത മാസത്തോടെ രജിസ്റ്റർ ചെയ്‌ത 320 വീടുകളിൽകൂടി പാചകവാതകം ലഭ്യമാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അറ്റ്ലാന്‍റിക് ഗൾഫ് ആൻഡ് പസ‍ഫിക് പ്രഥം കമ്പനി വ്യക്തമാക്കി.

അടുത്ത ജനുവരിയോടെ 1200 വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ 20,000 പേർ രജിസ്റ്റർ ചെയ്‌തതിൽ 2000 പേർക്ക് കണക്ഷൻ നൽകാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ചാക്ക, പാൽക്കുളങ്ങര, പെരുന്താന്നി, ശ്രീകണ്ഠേശ്വരം, കമലേശ്വരം, മുട്ടത്തറ വാർഡുകളിൽകൂടി കണക്ഷൻ നൽകും. നിലവിൽ ഈ വാർഡുകളിൽ കണക്ഷനെടുക്കാനുള്ള സർവേ നടക്കുകയാണ്. ആറ് മാസത്തിനുള്ളിൽ നഗരത്തിലെ പകുതിയോളം പ്രദേശങ്ങളിൽ കണക്ഷൻ നൽകാണ് തീരുമാനം.

അപകടസാധ്യത തീരയില്ലെന്നതും സാമ്പത്തികമായി ചെലവ് കുറയുമെന്നതുമാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രത്യേകത. ഗ്യാസ് സിലിണ്ടര്‍ പോലെ മുന്‍കൂട്ടി പണമടക്കേണ്ടതില്ല. ഉപയോഗിച്ചശേഷം മീറ്റർ നോക്കി തുക അടച്ചാൽ മതി.

ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ കൊച്ചുവേളിയിലെ പ്ലാന്‍റിലെത്തിക്കുകയും ഇവിടെവെച്ച് വാതകരൂപത്തിലാക്കുകയും ചെയ്യും. ടാങ്കുകളിൽ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈൻ വഴി വീടുകൾക്ക് നൽകുന്നത്. ഒരു മീറ്റർ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്‍റുകളിൽ നടപടികൾ പൂർത്തിയായാൽ 600 മീറ്റർ ക്യൂബ് വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതിവാതകം ടാങ്കറുകളിൽ കൊണ്ടുവരുന്നത്.

പ്ലാന്‍റിലെ പ്രവൃത്തികൾക്കുശേഷം 'കുറഞ്ഞ പ്രഷർ, മീഡിയം പ്രഷൻ, ഉയർന്ന പ്രഷർ' എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്. ഇതിൽ കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക് നൽകുന്നത്. മീഡിയം പ്രഷർ ലൈനുകൾ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് വിനിയോഗിക്കുന്നത്.

എൽ.പി.ജി സിലിണ്ടർ നിരക്കിന്‍റെ 70 ശതമാനം നിരക്കിലാണ് പി.എൻ.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം. പൈപ്പ് ലൈൻ പൂർത്തിയാകുന്ന വാർഡുകൾ കേന്ദ്രീകരിച്ച് കമ്പനിയുടെ ഏജൻസികൾ പ്രവർത്തിക്കും. വാർഡ് കൗൺസിലറുടെ കൂടി നിർദേശപ്രകാരം വീടുകളിലെത്തിയാണ് രജിസ്ട്രേഷൻ. കണക്ഷനുവേണ്ടി അനുബന്ധ ജോലികളും കമ്പനി തന്നെ ചെയ്തുനൽകും.

രജിസ്ട്രേഷൻ ഇങ്ങനെ

  • 8848227834 എന്ന നമ്പരിൽ ബന്ധപ്പെടുക. 
  • രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച്, വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ്, ഓണർഷിപ് സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവ നൽകണം.
  • കണക്ഷനെടുക്കുന്നവർ 6000 രൂപ കമ്പനിക്ക് നൽകണം. പൈപ്പ്, മീറ്റർ സ്ഥാപിക്കാനും സെക്യൂരിറ്റി ഡിപ്പോസിറ്റിനുമാണ് ഈ തുക
Tags:    
News Summary - City gas has started reaching homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.