തിരുവനന്തപുരം: മത്സ്യലഭ്യതയിലെ കുറവിനൊപ്പം കള്ളക്കടൽ പ്രതിഭാസം കൂടിയെത്തിയതോടെ മത്സ്യമേഖലയിൽ പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടുദിവസമായി രൂക്ഷമായ കടൽക്ഷോഭമാണുള്ളത്. ഇതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാണ് ഏറെ ദുരിതത്തിലായത്. തീരത്ത് ബുധനാഴ്ച റെഡ് അലർട്ടും വെള്ളിയാഴ്ച പുലച്ച ഓറഞ്ച് അലർട്ടും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതി ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതർ ആവർത്തിച്ച് നൽകിയതോടെ നിരവധി കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. പൂന്തുറ വാർഡിലെ ചേരിയാമുട്ടത്ത് നിരവധി വീടുകളിൽ കഴിഞ്ഞദിവസം വെള്ളം കയറി. കടൽവെള്ളത്തോടൊപ്പം മാലിന്യവും അടിച്ചുകയറി വീടുകൾ വാസയോഗ്യമല്ലാതായത് ദുരിതം വർധിപ്പിച്ചു.
കടൽ പ്രക്ഷുബ്ധമാണെങ്കിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഉയർന്ന തിരമാലയുള്ളപ്പോൾ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതുപോലെ കരക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ജാഗ്രതപാലിക്കാനാണ് നിർദേശം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെ പ്രവർത്തനങ്ങൾക്കും രണ്ടുദിവസമായി നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.