കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദേശിച്ച് ഹൈകോടതി. ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഇതുപോലെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടിക്ക് നിർദേശിച്ചത്. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമിൽ ബിരിയാണി സദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്.
ക്ഷേത്ര ഭൂമിയിൽ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി എക്സിക്യുട്ടീവ് ഓഫിസറെ തസ്തികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അനുവദിച്ചില്ല. ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. എന്നാൽ, ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി ഉറപ്പാക്കണം. ക്ഷേത്രം ഭരണ സമിതി ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.