തിരുവനന്തപുരം: വിലകുറച്ചതിന് പിന്നാലെ സിറ്റി ഗ്യാസ് പദ്ധതി നഗരത്തിൽ കൂടുതൽ വാർഡുകളിലേക്ക് വ്യാപിപ്പിക്കും. എ.ജി ആൻഡ് പി പ്രഥം കമ്പനി നേതൃത്വം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി 15 വാർഡുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇതുവരെ ജില്ലയിൽ 3800 ഓളം ഉപഭോക്താക്കളുണ്ട്. ഇതിൽ വ്യവസായിക ഉപഭോക്താക്കളും ഉൾപ്പെടുന്നു. വള്ളക്കടവ്, വലിയതുറ, പുത്തൻപള്ളി, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പൂന്തുറ, കടകംപള്ളി, കരിക്കകം, അണമുഖം, ആക്കുളം, മെഡിക്കൽ കോളജ്, ചെറുവയ്ക്കൽ, കുളത്തൂർ, ആറ്റിപ്ര എന്നീ ഭാഗങ്ങളിലേക്കുകൂടി പൈപ്പ് വഴിയുള്ള കണക്ഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം.
പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 12ന് വള്ളക്കടവ്, വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന പൈപ്പിലേക്ക് ഗ്യാസ് കടത്തിവിടും. ഈ വാർഡുകളിലെ നൂറോളം വീടുകളിൽ ഗ്യാസെത്തും. 25ന് കടകംപള്ളി, കരിക്കകം, അണമുഖം എന്നിവിടങ്ങളിലും ഗ്യാസെത്തിക്കും. നിലവിൽ രജിസ്റ്റർ ചെയ്ത വീടുകളിൽ ഗ്യാസെത്തിച്ച ശേഷം അടുത്ത രജിസ്ട്രേഷൻ ആരംഭിക്കും. വെട്ടുകാട്, ശംഖുംമുഖം, ചാക്ക, പെരുന്താന്നി, പാൽക്കുളങ്ങര, മുട്ടത്തറ, ശ്രീകണ്ഠേശ്വരം, കമലേശ്വരം, ശ്രീവരാഹം എന്നിവിടങ്ങളിലായി 150 കിലോമീറ്റർ ഗാർഹിക പി.എൻ.ജി പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. 25 ശതമാനം വരെ ലാഭം പി.എൻ.ജിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്നവരെക്കാൾ 15 മുതൽ 25 ശതമാനം വരെ സാമ്പത്തിക ലാഭമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 31വരെ ഒരു യൂനിറ്റ് ഗ്യാസിന് 56 രൂപയായിരുന്നു. ഈ മാസം മുതൽ യൂനിറ്റിന് അഞ്ച് രൂപ കുറച്ച് 51 രൂപയാക്കി.
എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിങ്, സംഭരണം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാനും ഇന്ധനോപയോഗം ചുരുക്കാനും പി.എൻ.ജി കസ്റ്റമർ റിലേഷൻ സൗകര്യം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് രജിസ്റ്റർ ചെയ്യാൻ വീട് കോർപറേഷനുമായി രജിസ്റ്റർ ചെയ്ത നമ്പർ, ആധാർ കാർഡ് എന്നിവയാണ് വേണ്ട രേഖകൾ.
ആദ്യമായി കണക്ഷൻ എടുക്കുന്നവർ 6000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. അടുത്തദിവസങ്ങളിൽ ഏജൻസി വീട്ടിലെത്തി പൈപ്പും കണക്ഷനും മീറ്ററും റെഗുലേറ്ററും സ്ഥാപിക്കും. രജിസ്ട്രേഷൻ കഴിഞ്ഞ് ഒരുമാസത്തിനുശേഷം പാചകവാതകം ലഭ്യമായിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.