തിരുവനന്തപുരം: വീടുകളിലേക്ക് തടസ്സരഹിതമായി നേരിട്ട് പാചകവാതകം ലഭിക്കാനുള്ള സിറ്റിഗ്യാസ് പദ്ധതി കോർപറേഷന്റെ 21 വാർഡുകളിൽ പൂർത്തിയായി. 2027ഓടെ 100 വാർഡുകളിലെ രണ്ട് ലക്ഷം വീടുകളിൽ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി പാചകവാതകം എത്തും.
അതിനായുള്ള പണി അതിവേഗത്തിൽ പുരോഗമിക്കുന്നു. അപകടരഹിതവും ചെലവുകുറഞ്ഞതുമായ രീതിയാണ് സിറ്റി ഗ്യാസ് പദ്ധതി. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രധാന ആകർഷണം.
സാധാരണ എൽ.പി.ജി സിലണ്ടിറിനെക്കാൾ 10 മുതൽ 15 ശതമാനംവരെ സാമ്പത്തിക ലാഭമാണ് പദ്ധതിയിലൂടെ പൊതുജനങ്ങൾക്കുണ്ടാവുക.
380 കിലോ മീറ്റർ പാചകവാതക വിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിച്ചതിൽ ഏറിയ പങ്കും കോർപറേഷൻ പരിധിയിലാണ്. ഇന്ത്യയിലെ പ്രമുഖ സിറ്റി ഗ്യാസ് ഡിസ്ട്രിബൂട്ടറായ എ.ജി ആൻഡ് പി പ്രഥം കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. വെട്ടുകാട്, ബീമാപ്പള്ളി, ശംഖുമുഖം, വലിയതുറ, മുട്ടത്തറ മേഖലകളിൽ വീടുകളിലേക്ക് പൈപ്പ് വഴി പാചകവാതക വിതരണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ 11 വാർഡുകളിൽ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാകുന്നു. നഗരത്തിൽ മാത്രം ഈ വർഷം അവസാനത്തോടെ 40,000 വീടുകളിലേക്കും അടുത്ത് മൂന്ന് വർഷത്തിനിടയിൽ രണ്ട് ലക്ഷം വീടുകളിലേക്കും പാചകവാതകമെത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കോർപറേഷൻ പരിധിയിലെ ജോലികൾക്കൊപ്പം അണ്ടൂർകോണം, മംഗലപുരം, പോത്തൻകോട് പഞ്ചായത്തുകളിലും ഗ്യാസ് വിതരണത്തിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.