സിറ്റി ഗ്യാസ് ഉടൻ വീടുകളിലേക്ക്; ആദ്യം വെട്ടുകാട്ടും ശംഖുംമുഖത്തും

തിരുവനന്തപുരം: പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം പൈപ്പുകളിലൂടെ അടുക്കളകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതി തലസ്ഥാനത്ത് ആദ്യം നടപ്പാകുക വെട്ടുകാട്, ശംഖുംമുഖം മേഖലയിൽ.

മീറ്ററടക്കം സ്ഥാപിച്ച് പൈപ്പ് ലൈൻ കണക്ഷൻ പൂർത്തിയായി. സർക്കാറിൽനിന്നുള്ള സൈറ്റ് അപ്രൈസൽ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ ഇവിടങ്ങളിൽ വിതരണം ആരംഭിക്കാനാകുമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതീക്ഷ.

വെട്ടുകാട് മേഖലയിൽ 2000ഉം ശംഖുംമുഖത്ത് 5000ഉം വീടുകൾക്കാണ് കണക്ഷൻ നൽകിയത്. ഒരുമിച്ച് ഇത്രയധികം വീടുകളിൽ കണക്ഷനെത്തിക്കുന്നതിനു പകരം ഒരു ദിവസം 20 കണക്ഷൻ എന്ന നിലയിൽ പ്രതിമാസം 600 വീടുകളിൽ ബോധവത്കരണമടക്കം ഉൾപ്പെടുത്തിയാണ് വിതരണത്തിനുള്ള മാർഗരേഖ തയാറാക്കിയിരിക്കുന്നത്. കൊച്ചുവേളിയിലെ പ്ലാന്‍റിൽനിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ പ്രകൃതിവാതകം എത്തിക്കുകയാണ് ലക്ഷ്യം.

തലസ്ഥാന നഗരത്തിൽ 40 കിലോമീറ്റർ പരിധിയിൽ ഇതിനകം പൈപ്പ് ലൈൻ ശൃംഖല സജ്ജമാണ്. 20,000 വീടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒമ്പത് കോർപറേഷൻ വാർഡുകളിലെ ശംഖുംമുഖം, വെട്ടുകാട് മേഖലയിലെ 7000 വീടുകളാണ് ആദ്യപട്ടികയിലുള്ളത്.

പ്ലാന്‍റിനു പുറെമ, 56 കിലോ ലിറ്റർ ശേഷിയുള്ള നാല് ടാങ്കുകളാണ് കൊച്ചുവേളിയിലുള്ളത്. കളമശ്ശേരി ഗെയിലിൽനിന്ന് പൈപ്പ് ലൈൻ വഴിലാണ് ഗ്യാസ് എത്തേണ്ടത്. പൈപ്പ് ലൈൻ യാഥാർഥ്യമാകാൻ സമയമെടുക്കുന്നതിനാലാണ് കൊച്ചുവേളി പ്ലാന്‍റ് അടക്കം ഒരുക്കി ബദൽ സംവിധാനമൊരുക്കുന്നത്.

ദ്രവീകൃത പ്രകൃതി വാതകം കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ കൊച്ചുവേളിയിലെ പ്ലാന്‍റിലെത്തിക്കുകയും ഇവിടെവെച്ച് വാതകരൂപത്തിലാക്കുകയും ചെയ്യും. ടാങ്കുകളിൽ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈൻ വഴി വീടുകൾക്ക് നൽകുന്നത്.

ഒരു മീറ്റർ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്‍റുകളിൽ നടപടികൾ പൂർത്തിയായാൽ 600 മീറ്റർ ക്യൂബ് വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതിവാതകം ടാങ്കറുകളിൽ കൊണ്ടുവരുന്നത്. പ്ലാന്‍റിലെ പ്രവൃത്തികൾക്കുശേഷം 'കുറഞ്ഞ പ്രഷർ, മീഡിയം പ്രഷൻ, ഉയർന്ന പ്രഷർ' എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള ഗ്യാസാണ് ലഭിക്കുന്നത്.

ഇതിൽ കുറഞ്ഞ പ്രഷറിലുള്ള വാതകമാണ് വീടുകൾക്ക് നൽകുന്നത്. മീഡിയം പ്രഷർ ലൈനുകൾ വിദൂരത്തേക്ക് ഗ്യാസ് എത്തിക്കാനാണ് വിനിയോഗിക്കുന്നത്. നഗരപരിധിയിലെ 80,000 വീടുകൾക്ക് കണക്ഷൻ നൽകാനാണ് ആലോചിക്കുന്നത്.

കൊച്ചുവേളിയിൽനിന്ന് തോന്നയ്ക്കൽ വരെയും ലൈനുകൾ ആലോചിക്കുന്നുണ്ട്. പൈപ്പ് ലൈൻ എത്താത്ത ഇടങ്ങളിൽ ടാങ്കറുകളിൽ ഗ്യാസ് എത്തിക്കാനുള്ള ക്രമീകരണവും അനുബന്ധമായി ഒരുക്കുന്നുണ്ട്. സംസ്ഥാന സർക്കാർ മേൽനോട്ടത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ എല്ലാ മാസവും പ്രവർത്തന പുരോഗതി വിലയിരുത്താൻ അവലോകന യോഗം നടക്കുന്നുണ്ട്.

തുടക്കച്ചെലവ് 7000 രൂപ, തവണകളായി ഈടാക്കും

വീട്ടുടമക്ക് ആദ്യഘട്ടത്തിൽ ചെലവുവരുന്നത് 7000 രൂപയോളം. മീറ്ററിനും കണക്ഷനുമടക്കമാണിത്. ആദ്യഘട്ടത്തിൽതന്നെ തുക ഒന്നിച്ച് വാങ്ങുന്നതിന് പകരം ഗ്യാസ് വിതരണം തുടങ്ങിയ ശേഷം പ്രതിമാസ ബില്ലിൽ ഉൾപ്പെടുത്തി പത്തോ പന്ത്രണ്ടോ മാസങ്ങളിലായി ഈടാക്കാനാണ് ആലോചന.സിലിണ്ടർ ഗ്യാസിനെക്കാൾ 15 മുതൽ 20 ശതമാനംവരെ വില വ്യത്യാസം സിറ്റി ഗ്യാസിനുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Tags:    
News Summary - City Gas to homes soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.