കിളിമാനൂർ: കഴിഞ്ഞ ഒരാഴ്ചയിലേറെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെയും പൊലീസ് - വനംവകുപ്പ് ഉദ്യോഗസ്ഥരുടെയുടെയും ഉറക്കം കെടുത്തിയത് പുലി തന്നെയെന്ന് തിരിച്ചറിഞ്ഞതിനെതുടർന്ന് കൂടുകൾ സ്ഥാപിച്ച് വനം വകുപ്പ്. പുലിയെ ആകർഷിക്കാനായി കൂട്ടിനുള്ളിൽ ഒരാടിൻകുട്ടിയെയും കെട്ടി. പുലിയുടെ സി.സി ടി.വി ദൃശ്യം തെളിഞ്ഞ തട്ടത്തുമലയിലും പുളിമാത്ത് പഞ്ചായത്തിലെ പ്രദേശത്തുമാണ് കൂടുകൾ സ്ഥാപിച്ചത്.
പുലിയെ കണ്ടെന്ന വാർത്ത പരന്ന് പത്ത് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടി ഉണ്ടാകാത്തതിൽ കഴിഞ്ഞദിവസങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല ഭാഗത്തുനിന്നും ഉയർന്നത്. മാത്രമല്ല, അത് പുലിയല്ലെന്ന് ആദ്യം പറഞ്ഞ ഉദ്യോഗസ്ഥർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർക്കുതന്നെ ശനിയാഴ്ച അതേ അഭിപ്രായം തിരുത്തിപ്പറയേണ്ടിവന്നു.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് കിളിമാനൂർ കൊടുവഴന്നൂർ പറക്കോട് കോളനിയിൽ ആദ്യമായി പുലിയെ കണ്ടത്. മൂന്ന് സ്ത്രീകൾ ഇത് പുലിയായിരുന്നെന്ന് വ്യക്തമായി പറഞ്ഞിട്ടും സമ്മതിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലത്രെ. തൊട്ടടുത്ത ദിവസവും ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയെ കണ്ടതായി ഒരു കടത്തുകാരനും പറഞ്ഞു. ഇതും തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊരു നടപടിയും കൈക്കൊണ്ടില്ലത്രെ. ഓരോദിവസവും പ്രശ്നം കൂടുതൽ രൂക്ഷമായെങ്കിലും വേണ്ട ജാഗ്രതയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാണ് ആക്ഷേപം.
അതേസമയം, തട്ടത്തുമലയിൽ സ്വകാര്യ ഗാർഡനിലെ കാമറയിൽ പുലിക്ക് സമാനമായ ജീവി പതിയുകയായിരുന്നു. ശനിയാഴ്ച പുലർച്ച 1.47 മുതൽ ഏതാണ് അഞ്ച് മിനിറ്റോളം ഇതിെൻറ ദൃശ്യം കാണാം. രാവിലെ സി.സി കാമറ പരിശോധിച്ച വനം വകുപ്പ് ജീവനക്കാർ പുലി തന്നെയെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.