തിരുവനന്തപുരം: ഭരണപക്ഷം കൊണ്ടുവന്ന പ്രമേയത്തെച്ചൊല്ലി കോർപറേഷൻ കൗൺസിലിൽ ബഹളം. ബജറ്റ് പാസാക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗം കൈയാങ്കളിയിൽ കലാശിച്ചതിനെ തുടർന്നാണ് ബുധനാഴ്ച പ്രമേയം ഭരണപക്ഷം അവതരിപ്പിച്ചത്. കൗൺസിൽ ഹാളിൽ അച്ചടക്കം ഉറപ്പാക്കണമെന്നും മോശമായി പെരുമാറുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെടുന്ന പ്രമേയം സി.പി.എമ്മിലെ ഡി.ആർ. അനിലാണ് അവതരിപ്പിച്ചത്.
ബജറ്റ് പാസാക്കിയ ദിവസമുണ്ടായ സംഭവങ്ങൾ കൗൺസിലിന് അപമാനകരമാണെന്നും ഇത്തരം പെരുമാറ്റം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അനിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച ഭരണപക്ഷാംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ പ്രതിപക്ഷത്തുനിന്നുള്ള ബി.ജെ.പി അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി. ഡെപ്യൂട്ടി മേയർ പി.കെ. രാജു ബജറ്റ് അവതരണവേളയിൽ നടത്തിയ പരാമർശം പിൻവലിക്കണമെന്നും ഈ ആവശ്യംകൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്നും ബി.ജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ‘ബി.ജെ.പി കൗൺസിലർമാർ ശാപമാണെന്ന’ പരാമർശം ഇനിയും പിൻവലിക്കാൻ ഡെപ്യൂട്ടി മേയർ തയാറാവാത്തത് പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു. കൗൺസിലിൽ ജനാധിപത്യരീതിയിൽ മാത്രമാണ് പ്രതിഷേധിച്ചിട്ടുള്ളതെന്നും പ്രതിപക്ഷമായതുകൊണ്ടാണ് നടുത്തളത്തിലിറങ്ങുന്നതെന്നും ബി.ജെ.പി കൗൺസിലർമാർ വിശദീകരിച്ചു. ഡെപ്യൂട്ടിമേയർ പി.കെ. രാജുവും ഡി.ആർ. അനിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
ചർച്ച തുടരുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷന്റെ ചുമതല ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന് നൽകി കൗൺസിൽ ഹാൾ വിട്ടു. ഇതോടെ പ്രതിപക്ഷം എതിർപ്പ് ശക്തമാക്കി. ഭരണപക്ഷ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ഡെപ്യൂട്ടി മേയർ സഭാധ്യക്ഷന്റെ ചുമതലയിലിരുന്ന് പ്രമേയം പാസാക്കരുതെന്നായിരുന്നു ആവശ്യം. ഇത് അവഗണിച്ച ഡെപ്യൂട്ടിമേയർ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിനിടെ അജണ്ടകളിലേക്ക് കടന്നു. ഇതോടെ ഇരിപ്പിടം വിട്ടെഴുന്നേറ്റ ബി.ജെ.പി കൗൺസിലർമാർ ഡെപ്യൂട്ടിമേയറുടെ മുന്നിലെത്തി മുദ്രാവാക്യം മുഴക്കി.
മോശം പരാമർശം പിൻവലിക്കാത്തതിനെതിരെയും എതിർപ്പുയർത്തി. ഇതിനിടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അജണ്ടകൾ ചർച്ച കൂടാതെ അഞ്ച് മിനിറ്റിനുള്ളിൽ പാസാക്കുകയായിരുന്നു. ചർച്ച കൂടാതെ അജണ്ട പാസാക്കിയതിനും ഭരണപക്ഷ പ്രമേയത്തിനുമെതിരെ മുദ്രാവാക്യമുയർത്തി ബി.ജെ.പി പ്രകടനവും നടത്തി.
കൗൺസിൽ നടപടികൾക്ക് മുന്നോടിയായി കോർപറേഷൻ വെള്ളാർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പനത്തുറ ബൈജുവിന്റെ സത്യപ്രതിജ്ഞ നടന്നു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിലെ വിജയത്തെത്തുടർന്ന് കൗൺസിൽ ഹാളിലും കോർപറേഷൻ ഓഫിസിലും പായസ വിതരണം നടത്തി ഭരണപക്ഷം ആഹ്ലാദം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.