തിരുവനന്തപുരം: ആനയറ പ്രദേശത്തെ അനധികൃത നിലം നികത്തലിന് പിന്നില്‍ റവന്യൂ വകുപ്പിന്റെയും കോര്‍പറേഷന്റെയും പൊലീസിന്റെയും ഒത്തുകളിയുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം ജില്ല കമ്മിറ്റി. ഇതിനു പിന്നില്‍ കോടികളുടെ ഇടപാടുണ്ടെന്നും പേട്ട പൊലീസും ഒരു അഭിഭാഷകനുമാണ് ഇടനിലക്കാരെന്നും ജില്ല കമ്മിറ്റി ആരോപിച്ചു.
അതേസമയം, പേട്ട പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഹെല്‍മറ്റ് വിഷയത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിരോധത്തിലായതോടെയാണ് മുഖം രക്ഷിക്കാൻ പുതിയ വാദം നിരത്തുന്നെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിലം നികത്തല്‍ നടക്കുന്ന ആനയറ ഒരുവാതില്‍കോട്ടയിലെ സ്ഥലം സി.പി.എം ജില്ല സെക്രട്ടറി വി. ജോയി, എം. വിജയകുമാര്‍, സ്ഥലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്, ജില്ല കമ്മിറ്റിയംഗം എസ്.പി. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച ശേഷമാണ് ആരോപണം ഉന്നയിച്ചത്.
പേട്ട പൊലീസ് സ്റ്റേഷന് സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആനയറ മണല്‍മാഫിയ പ്രശ്നം ഏറ്റെടുക്കുന്നെന്നാണ് സി.പി.എം ജില്ല കമ്മിറ്റി വ്യക്തമാക്കുന്നത്. പൊലീസ് ഒത്താശ ഇതിനു പിന്നിൽ ഉണ്ട്. ഇത് ചോദ്യം ചെയ്തതാണ് ഹെൽമറ്റ് വിഷയത്തിലേക്ക് കാര്യങ്ങളെ പൊലീസ് വഴിതിരിച്ചുവിട്ടതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി നിധീഷിന് ഹെല്‍മറ്റ് വെക്കാത്തതിന് പൊലീസ് പിഴയിട്ടു.
ഇതോടെ പ്രശ്നം സി.പി.എം- പൊലീസ് സംഘര്‍ഷത്തിന് കാരണമായി. പേട്ട സ്റ്റേഷനു മുന്നില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പേട്ട സ്റ്റേഷനിലെ പൊലീസുകാരെ സ്ഥലംമാറ്റി. പിന്നീടത് പിൻവലിച്ചു. ഇത് പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കും ക്ഷീണമാവുകയും ചെയ്തു. അതിന് പിന്നാലെയാണ് മണല്‍ മാഫിയാ- നിലംനികത്തൽ വിഷയം ഏറ്റെടുത്ത് പാര്‍ട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
തീരസംരക്ഷണ നിയമം കാറ്റില്‍പറത്തി അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ നിലം നികത്തല്‍ തുടരുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ പറഞ്ഞു. റവന്യൂ, കോര്പറേഷന് ഉദ്യോഗസ്ഥരുടെ പിന്തുണിയില്ലാതെ നഗരത്തില്‍ ഇത്രയും ഏക്കര്‍ നിലം നികത്താനാകില്ല എന്ന് ജില്ല കമ്മിറ്റിയംഗം എസ്.പി. ദീപക് പറഞ്ഞു.
കായലിനോട് ചേര്‍ന്നുള്ള പത്തേക്കറോളം വരുന്ന സ്ഥലത്ത് ഇതിനോടകം 500 ലോഡിലേറെ മണലടിച്ചു കഴിഞ്ഞു. മതില് കെട്ടാനുള്ള അനുമതിയുടെ മറവിലാണിതെന്നും ദീപക് പറഞ്ഞു. കോർപറേഷൻ ഇപ്പോൾ ഇടപെട്ട് സ്റ്റോപ് മെമ്മോ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലം നികത്തലിന് പിന്നിലെ അഴിമതി റവന്യൂ വകുപ്പും കേര്‍പറേഷനും അന്വേഷിക്കണമെന്നും പൊലീസിനെ ഇനി ഈ വിഷയത്തില്‍ ഇടപെടുത്തരുതെന്നും സി.പി.എം ജില്ല സെക്രട്ടറി വി. ജോയി ആവശ്യപ്പെട്ടു. പാര്‍ട്ടി നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സ്വദേശിയായ സ്വകാര്യവ്യക്തിയുടേതാണ് ഈ ഭൂമിയെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.