തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും കൊടും ക്രിമിനലുകളും ഓട്ടോ ഡ്രൈവർ കുപ്പായ മണിഞ്ഞതോടെ നഗരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഡ്രൈവർമാർ പ്രതികളാകുന്ന കേസുകൾ വർധിക്കുന്നു. യാത്രക്കാരായ വനിതകളോട് മോശമായി പെരുമാറിയത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും, നഗരമധ്യത്തിൽ രാത്രിയിൽ സവാരിക്ക് വിളിച്ച, രണ്ട് മക്കളുടെ അമ്മയായ അന്തർ സംസ്ഥാനക്കാരിയെ ക്രൂരമായ പീഡനത്തിനിരക്കിയാക്കിയിട്ടും കരുതൽ തിരുവനന്തപുരം സിറ്റി പൊലീസോ അധികാരികളോ സ്വീകരിച്ചിട്ടില്ല. ഇതോടെ ജീവനും അഭിമാനവും സ്വയം കാത്ത് യാത്രചെയ്യേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്ന സ്ത്രീകളും വിദ്യാർഥികളും.
ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനായി സവാരി വിളിച്ച യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത് കഴിഞ്ഞ മാസമാണ്. പീഡനശേഷം ബീമാപ്പള്ളിയിലെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീട്ടമ്മ ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അക്രമത്തിന്റെ ഭീകരതയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ യുവതി ഇന്നും മുക്തയായിട്ടില്ല.
ലഹരിക്ക് അടിമയായ ജിയാസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ ഒമ്പത് കേസുകളുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ കയറിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ വിതുര സ്വദേശിയായ ഗോപകുമാറിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ഇയാൾ ആവർത്തിച്ചതോടെ തിരുവന്തപുരം റൂറൽ പൊലീസ് കാപ്പ ചുമത്തി ഗോപകുമാറിനെ നാടുകടത്തുകയായിരുന്നു. വിതുരയിൽ നിന്ന് തിരുവനന്തപുരം നഗരത്തിലെത്തിയ ഇയാൾ ഓട്ടോറിക്ഷ ഓടിച്ച് അതേ കുറ്റം ആവർത്തിക്കുകയായിരുന്നു. ഇത്തരം കുറ്റവാളികളെ കാപ്പചുമത്തി നാടുകടത്തുമ്പോൾ വിവരങ്ങൾ റൂറൽ അധികാരികൾ സിറ്റി പൊലീസിനെ അറിയിച്ചില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
ഇതിന് ഇരയാകുന്നത് സ്ത്രീകളും വിദ്യാർഥികളും. ഇതിന് പുറമെ ഓട്ടോഡ്രൈവർമാർ തമ്മിൽ തല്ലുന്നതും ഓട്ടോ ഡ്രൈവർമാർ മറ്റ് യാത്രികരെ ഉപദ്രവിക്കുന്ന സംഭവിക്കുന്ന പരാതികളും ഏറെയാണ്. ദിവസങ്ങൾക്ക് മുമ്പ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ ബൈക്ക് യാത്രക്കാരന്റെ തല ഹെൽമറ്റുകൊണ്ട് ഓട്ടോഡ്രൈവർ അടിച്ചുതകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.