തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹമരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തിലുണ്ടായത് ഗുരുതര പാളിച്ചകൾ. മ്യൂസിയം പൊലീസ് ഒത്തുകളിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇത് ശരിവെക്കുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സൂക്ഷിച്ചിരുന്ന നയനയുടെ ലാപ്ടോപ് തിരികെ നൽകിയത് മുഴുവന്‍ ഡേറ്റയും നീക്കിയ നിലയിലായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും നശിപ്പിച്ചു. കേസ് തന്നെ മായ്ച്ചുകളയാന്‍ പൊലീസ് ശ്രമിച്ചെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണിത്.
മരണത്തിനുശേഷം നിരവധി തവണ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയ സഹോദരന് മധുവിന് എട്ടുമാസം കഴിഞ്ഞാണ് നയനയുടെ വസ്തുവകകള്‍ കൈമാറിയത്. വീട്ടിലെത്തി തുറന്നപ്പോഴാണ് ലാപ്ടോപ് ശൂന്യമാണെന്നറിഞ്ഞത്. മൊബൈല്‍ ഫോൺ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്ത നിലയിലായിരുന്നത്രെ.
തിരികെ നല്കിയ തുണികളുടെ കൂട്ടത്തില്‍ നയന കഴുത്തില്‍ കുടുക്കിയതെന്നുപറഞ്ഞ് പൊലീസ് കാണിച്ചത് ചുരുട്ടിയ നിലയിലുള്ള ജനാല കര്‍ട്ടനായിരുന്നു. എന്നാല്‍, മഹസറില്‍ കര്‍ട്ടനെ പറ്റി പരാമർശമില്ല. പകരം ചുരുട്ടിയ നിലയില്‍ പുതപ്പുണ്ടായിരുന്നെന്നാണുള്ളത്.
നയന എപ്പോഴും കരുതുമായിരുന്ന പവര്‍ബാങ്ക് തിരികെ നല്കിയ സാധനങ്ങളുടെ കൂട്ടത്തിലില്ല. മരണം നടന്ന ദിവസം, പൊലീസിനൊപ്പം നയന താമസിച്ചിരുന്ന മുറിയിലെത്തിയ താന്‍ മുറി നിറയെ പല വസ്തുക്കളും കണ്ടിരുന്നെന്ന് മധു പറയുന്നു. എന്നാല്‍, പൊലീസിന്റെ പട്ടികയിലോ തിരികെ നല്കിയവയുടെ കൂട്ടത്തിലോ അവയൊന്നുമുണ്ടായിരുന്നില്ല.
മരണത്തിന്റെ തൊട്ടടുത്ത ദിവസം പൊലീസ് മഹസര്‍ തയാറാക്കിയത് ബന്ധുക്കളുടെ അസാന്നിധ്യത്തിലായിരുന്നു. നയന സൂര്യന്റെ മരണത്തില്‍ സംശയങ്ങളോ പരാതിയോ ഇല്ലെന്ന് പൊലീസ് ഒപ്പിട്ടുവാങ്ങിയത് മരണം നടന്ന് ഒന്നര മാസം കഴിഞ്ഞാണെന്നും മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മരണ ദിവസത്തെ തീയതിയാണെന്നും ബന്ധുക്കൾ പറയുന്നു.
മരണ ദിവസമായ 2019 ഫെബ്രുവരി 24ന് ഉച്ചയോടെയാണ് ആലപ്പാട് നിന്ന് ഇവര്‍ മ്യൂസിയം സ്റ്റേഷനിലെത്തിയത്. എന്നാല്‍, മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയം രാവിലെ 9.05. അതേസമയം സാക്ഷികളിൽനിന്ന് മരണദിവസം രാവിലെ 9.55 മുതല്‍ 11.20 വരെ മൊഴിയെടുത്തെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
അങ്ങനെയെങ്കില്‍ ഇതിനൊക്കെ മുമ്പ് 9.05ന് സഹോദരങ്ങളെക്കൊണ്ട് മൊഴിയില്‍ ഒപ്പിടീപ്പിച്ചെന്നാണ് രേഖകള്‍. ഇതിലെല്ലാം പൊലീസിന്റെ ഒത്തുകളി വ്യക്തമാകുന്നെന്ന് ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.