വി​വേ​ക് എ​ക്സ്​​പ്ര​സി​ലെ മാ​ലി​ന്യ​ക്കാ​ഴ്ചകൾ

ചൂളംവിളിച്ചെത്തുന്ന മാലിന്യവണ്ടി

തിരുവനന്തപുരം: ഉത്തരേന്ത്യൻ പ്രയാണം കഴിഞ്ഞ് ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് കേരളത്തിലെത്തുന്നത് മാലിന്യവണ്ടിയായി. ദുർഗന്ധം മൂലം ട്രെയിനിലേക്ക് കയറാനാകാത്ത സ്ഥിതിയിലാണെന്ന് യാത്രക്കാർ പറയുന്നു.

ട്രെയിൻ യാത്ര ആരംഭിച്ചത് മുതലുള്ള ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് കോച്ചുകൾക്കുള്ളിലെ വേസ്റ്റ് ബിൻ നിറഞ്ഞുകവിഞ്ഞ് പരിസരമാകെ ചിതറിക്കിടന്ന നിലയിലാണ്. ഫാനി‍െൻറ മുകളിൽ പോലും ചായക്കപ്പും പലഹാരം പൊതിഞ്ഞിരുന്ന കവറുകളും തിരുകിയിട്ടുണ്ട്. ട്രെയിനിലേക്ക് കാലെടുക്കാൻ പറ്റാത്ത വിധം തറയിലും സീറ്റിനടിയിലും ഭക്ഷണ മാലിന്യം ചിതറിക്കിടപ്പുണ്ട്.

ഇത് മാത്രമല്ല, ഭക്ഷണാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലും മറ്റും പൊതിഞ്ഞ് ബോഗിക്കുള്ളിൽ പല ഭാഗങ്ങളിലും തൂക്കിയിട്ടിരിക്കുന്നു. ഇവയാകട്ടെ, വലിയ തോതിൽ ദുർഗന്ധം വമിക്കുന്നതും. കൈകൾ കഴുകാനുള്ള വാഷ് ബേസിനുള്ളിൽ മാലിന്യം അടിഞ്ഞുകിടപ്പുണ്ട്.

ശുചിമുറിയിൽ വെള്ളമില്ലാത്ത സമയത്ത് വിസർജ്യങ്ങൾ അടഞ്ഞ് ഡോർ തുറക്കാനാകാത്ത നിലയിലാണ്. നിരോധിച്ച മുറുക്കാനും ലഹരികളും ഇരിക്കുന്നിടത്തു തന്നെ ചവച്ചുതുപ്പിയിരുന്നു. മൂന്ന് ദിവസത്തിലെറെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ സമയബന്ധിതമായി ശുചീകരണമില്ലാത്തത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഓൺ ബോർഡ് ഹൗസ്കീപ്പിങ് സർവിസ് നിലവിൽ വന്നതോടെ, പ്രധാന സ്റ്റേഷനുകളിൽ നേരത്തെയുണ്ടായിരുന്ന ക്ലീനിങ് നാമമാത്രമായി. ഓൺ ബോർഡ് ക്ലീനിങ് സ്റ്റാഫ്‌ അടക്കം ശുചീകരണ തൊഴിലാളികൾ മിക്ക ട്രെയിനുകളിലുണ്ടെങ്കിലും ഈ അവസ്ഥക്ക് ഒരു മാറ്റവുമില്ല.

വിവേക് എക്സ്പ്രസിൽ മാത്രമല്ല, പല ദീർഘദൂര ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല. മൂക്കുപൊത്താതെ യാത്ര ചെയ്യാനാകില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ബഹുദൂരം ട്രെയിനുകൾ പല സ്റ്റേഷനിലും 10 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പിടിച്ചിടാറുണ്ട്. ഈ സമയങ്ങളിൽ മാലിന്യം നീക്കാൻ മതിയായ സമയമുണ്ടാകാറുണ്ട്. എന്നാൽ, ഇതിനൊന്നും നടപടിയില്ലെന്നതാണ് ദുർഗതി.

Tags:    
News Summary - Dibrugarh-Kanyakumari Vivek Express-waste dumped train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.