തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാൽ വിപുലമാണ് മുന്നൊരുക്കങ്ങൾ. 22ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലാമേളക്ക് തുടക്കമാകുക.
12 വേദികളിൽ 297 ഇനങ്ങളിലായി 7320 വിദ്യാർഥികൾ ഇക്കുറി കലോത്സവത്തിൽ മാറ്റുരക്കാനെത്തും. കലോത്സവത്തിന്‍റെ ഉദ്ഘാടനം 22ന് വൈകുന്നേരം നാലിന് മന്ത്രി ആന്‍റണി രാജു നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ആദ്യ ദിവസം പ്രധാനമായും രചന മത്സരങ്ങളാണ് നടക്കുക. 29 മുറികളാണ് വിവിധ രചന ഇനങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. ഒപ്പം ആദ്യദിവസം തന്നെ വേദികളുമുണരും.
കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ്, കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവക്ക് പുറമെ ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, എസ്.എസ്.ഡി ശിശുവിഹാർ, യു.പി.എസ് വഴുതക്കാട് എന്നിവിടങ്ങളിലാണ് 12 വേദികളും സജ്ജമാക്കിയിരിക്കുന്നത്. കോട്ടൺഹിൽ എച്ച്.എസ്.എസിലെ ഓഡിറ്റോറിയമാണ് ഒന്നാം വേദി.
ആദ്യ ദിനത്തിൽ ഒന്നാം വേദിയിലെ തിരുവാതിരയോടെയാണ് സ്റ്റേജിനങ്ങൾക്ക് തിരശ്ശീലയുയരുക. യു.പി വിഭാഗത്തിൽ 38 ഇനങ്ങളിൽ 1082 വിദ്യാർഥികളും എച്ച്.എസ് വിഭാഗത്തിൽ 88 ഇനങ്ങളിൽ 2475 പേരും ഹയർസെക്കൻഡറി വിഭാഗത്തിൽ 102 ഇനങ്ങളിലായി 2355 വിദ്യാർഥികളുമാണ് മത്സരിക്കുക.
യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ 19 ഇനങ്ങളിൽ 457 പേർ പങ്കെടുക്കും. എച്ച്.എസ് വിഭാഗത്തിൽ 18 ഇനങ്ങളിൽ 372 വിദ്യാർഥികളും. അറബിക് കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ 32 ഇനങ്ങളിലായി 339 പേർ മത്സരിക്കും. യു.പി വിഭാഗത്തിൽ 13 ഇനങ്ങളിലായി 240 വിദ്യാർഥികളും.
26ന് വൈകീട്ട് 3.30ന് സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ, കെ.ആർ. ഗിരിജ, എ. അരുൺകുമാർ, ഡോ.കെ.പി. വിനു, അജയകുമാർ, സിജോ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.