തിരുവനന്തപുരം: കാലവർഷം പടിവാതിലിൽ എത്തിയിട്ടും കോർപറേഷന്റെ 100 വാർഡുകളിലും മഴക്കാല പൂർവശുചീകരണം എങ്ങുമെത്തിയില്ല. ഓരോ വാർഡിലും ശൂചീകരണ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം വീതം അനുവദിച്ചെങ്കിലും ജീവനക്കാരുടെ അഭാവവും മണ്ണുമാന്തിയന്ത്രങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതും വെല്ലുവിളിയായി തുടരുകയാണ്. ദേശീയപാതകളിലെ ഓടകളിൽ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിച്ചതോടെ പലയിടത്തും പൊതുജനം പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.
മാലിന്യങ്ങൾ മൂടിക്കിടക്കുന്ന ആമയിഴഞ്ചാൻ തോടിൽ വെള്ളം ഒഴുകാത്ത സ്ഥിതിയാണ്. ദേശീയപാതകയിലെ ഓടകൾ വൃത്തിയാക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ മാസങ്ങളായി ഈ ഓടകൾ വൃത്തിയാക്കാറില്ല. ഓടയിൽ മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധവും വെള്ളം കെട്ടിനിന്ന് കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളുമായിട്ടുണ്ട്.
ഇതിനെതിരെ കൗൺസിലർമാരെ സമീപിച്ചെങ്കിലും കൈമലർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. പൗണ്ട്കടവ് വാർഡിലെ മുക്കോലക്കൽ മുതൽ ടി.എസ്.സി ഹോസ്പിറ്റൽ വരെയുള്ള ദേശീയപാതയുടെ സമീപത്തുള്ള ഓടകളിൽ മാലിന്യം അഴുകിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല.
മാലിന്യം നീക്കം ചെയ്യണമെന്നാവശ്യവെട്ട് രണ്ടുതവണ ദേശീയ പാത അതോറിറ്റിക്ക് ആരോഗ്യവിഭാഗം കത്ത് നൽകിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടായില്ലെന്ന് പൗണ്ട്കടവ് വാർഡ് കൗൺസിൽ കൗൺസിലർ ജിഷ ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.