തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോൾ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാത്രി ബീമാപള്ളി ബദ്രിയാ നഗറിൽ ലഹരിവിൽപന സംഘത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
ഫൈസൽ (34), അൻസാർ (29), അബൂബക്കർ (29), ഷാഹുൽ (25), അഹമ്മദ് ഷാ (35) എന്നിവർക്കാണ് പരിക്കേറ്റത്. ലഹരവിരുദ്ധപ്രവർത്തനങ്ങളിൽ സജീവമായ ഫൈസലിനെയാണ് രാത്രി 11.30ഓടെ ആദ്യം അക്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ മറ്റുള്ളവരെയും അക്രമിച്ചു. പരിക്കേറ്റവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
പ്രദേശത്തെ ലഹരി വിൽപനക്കെതിരെ ജമാഅത്ത് കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ഇത് പ്രകോപനമായതായി പ്രദേശവാസികൾ പറയുന്നു. ലഹരി വിൽപനയെക്കുറിച്ച് വിവരം നൽകിയാലും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.
നഗരത്തിലെ തീരമേഖലയും കോളനികളും കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘങ്ങൾ സജീവമാണ്. ചിലർ പൊലീസിന്റേയും എക്സൈസിന്റേയും പിടിയിലാകാറുണ്ടെങ്കിലും വിദ്യാർഥികൾക്കിടയിലടക്കം ലഹരി സുലഭമായി എത്തുന്നു.
നഗരമധ്യത്തിലെ കരിമഠം കോളനിയിലാണ് ഒരാഴ്ച മുമ്പ് ലഹരി മാഫിയ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അർഷാദിനെ നിരവധി കേസുകളിൽ ഉൾപ്പെട്ട ലഹരി വിൽപന സംഘം ആക്രമിക്കുകയായിരുന്നു. കേസിൽ പിടിയിലായ എട്ടു പേരിൽ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണ്. ലഹരിക്കടിമപ്പെടുന്ന പ്രായപൂർത്തിയാകാത്തവരടക്കം വിവിധ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്ന സാഹചര്യവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.