മരണമുഖത്തുനിന്ന് ഗർഭിണിയെ രക്ഷിച്ച്കിംസ് ഹെൽത്തിലെ എക്മോ ചികിത്സ

തിരുവനന്തപുരം: ഗർഭിണികളായ സ്ത്രീകളിൽ അപൂർവവും മരണസാധ്യയുള്ളതുമായ അംനിയോട്ടിക് ഫ്ലൂയിഡ് എമ്പോളിസത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് കിംസ്ഹെൽത്തിലെ എക്സ്ട്രാ കോർപോറിയൽ മെബ്രേയിൻ ഓക്സിജനേഷൻ (എക്മോ) ചികിത്സാ സംവിധാനം. പ്രസവവേദനക്കിടെ രണ്ടു തവണ ഹൃദയസ്തംഭനമുണ്ടായ യുവതിക്കാണ് എക്മോ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചത്.

ശ്വാസകോശത്തിന്‍റെയോ ഹൃദയത്തിന്‍റെയോ സഹായമില്ലാതെ രക്തം ശരീരത്തിനു പുറത്തേക്കെത്തിച്ച് എക്മോയുടെ സഹായത്തോടെ ശുദ്ധീകരിച്ച് തിരികെ ശരീരത്തിലേക്ക് കയറ്റുന്ന ചികിത്സാരീതിയാണിത്. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്കാണ് പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായത്.

അംനിയോട്ടിക് ദ്രാവകം അമ്മയുടെ രക്തത്തിൽ കലർന്ന് ധമനികളിൽ തടസ്സമുണ്ടാകുന്ന രോഗാവസ്ഥയും ഇവർക്കുണ്ടായി. ഹൃദയസ്തംഭനത്തിൽനിന്ന് തിരിച്ചുവരാൻ സാധിച്ചെങ്കിലും തുടർസ്തംഭനം ഉണ്ടാകുമോയെന്ന ആശങ്ക നിമിത്തം കിംസിൽ രോഗിയെ എത്തിക്കുകയായിരുന്നു. ആദ്യ ഹൃദയസ്തംഭനത്തിനുശേഷം ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കിംസിൽ എത്തിച്ച യുവതിക്ക് വീണ്ടും ഹൃദയസ്തംഭനമുണ്ടായി. രക്തത്തിലെ ഓക്സിജ‍ന്‍റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിൽ എക്മോ യന്ത്രത്തിന്‍റെ സഹായം തേടുകയായിരുന്നു. ആറു ദിവസത്തിനുശേഷം ഹൃദയവും ശ്വാസകോശവും സാധാരണ രീതിയിലായി.

കാർഡിയാക്-തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. ഷാജി പാലങ്ങാടൻ , ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് വിഭാഗം കൺസൽട്ടന്‍റ് ഡോ. സജിത് മോഹൻ. ആർ, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. രാധാമണി.ഡി, കാർഡിയോ-തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൽട്ടന്‍റ് ഡോ. സുഭാഷ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ തുടങ്ങിയവർ ചികിത്സാപ്രക്രിയയിൽ പങ്കാളികളായി.

Tags:    
News Summary - Eczema treatment at Kim's Health to save a pregnant woman from dying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.