തിരുവനന്തപുരം: നിർധന യുവതിയെ മാലി സ്വദേശിക്ക് നിയമവിരുദ്ധമായി വിവാഹം ചെയ്തുകൊടുത്തും വ്യാജവിവാഹ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയും പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഹാജ നിസാമുദ്ദീൻ (48), മുട്ടത്തറ വടുവത്ത് കോവിൽ സ്വദേശി ആനന്ദ് (41) എന്നിവരെയാണ് ഫോർട്ട്പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ പ്രധാന പ്രതിയായ മണക്കാട് ഗംഗാ നഗറിൽ ഡോ. അസീസ് ഒളിവിലാണ്. ഇയാൾ ആയുർവേദ ഡോക്ടറാണ്.
കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് ചികിത്സക്കെന്ന പേരിൽ എത്തിയ മാലി സ്വദേശിയായ യൂസഫ് അബ്ദുൽ കരീം എന്ന മധ്യവയസ്കനിൽനിന്ന് 2000 ഡോളർ വാങ്ങിയാണ് ഭർത്താവ് ഉപേക്ഷിച്ച, മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ സംഘം പ്രലോഭിപ്പിച്ച് വിവാഹം നടത്തിയത്. ഡോ. അസീസിെൻറ ഗംഗാ നഗറിലെ വീട്ടിൽ വിവാഹം നടത്തുകയും ഓൾ ഇന്ത്യ മുസ്ലിം കൗൺസിൽ എന്ന സംഘടനയുടെ പേരിലുള്ള വ്യാജലെറ്റർ പാഡിൽ വിവാഹം മുസ്ലിം ജമാഅത്ത് ഹാളിൽ ഇമാമിെൻറ കാർമികത്വത്തിൽ നടന്നതായി കാണിച്ച് വ്യാജവിവാഹ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
തുടർന്ന്, മാലിയിലേക്ക് പോയ ദമ്പതികൾ മാലി സർക്കാർ അതോറിറ്റിക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ അധികൃതർ തിരുവനന്തപുരം ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസർ (എഫ്.ആർ.ആർ.ഒ)ക്ക് വിവരം നൽകുകയും എഫ്.ആർ.ആർ.ഒയുടെ കത്തിെൻറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.
ഒളിവിൽ പോയ ഡോ. അസീസിെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള നിരവധി വ്യാജവിവാഹ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സമാനരീതിയിലുളള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോർട്ട് അസിസ്റ്റൻറ് കമീഷണർ അനിൽദാസിെൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ സി. ബിനു എസ്.ഐമാരായ സജു എബ്രഹാം, സെൽവിയസ് രാജ്, സി.പി.ഒമാരായ ബിനു, സാബു, പ്രഭല്ലൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.